14 December 2011

ഞാന്‍ എന്റെ രാജ്യത്തെ പൗരനല്ല, ചലച്ചിത്രകാരനാണ്: എലിസ് ബക്കര്‍


ഞാന്‍ എന്റെ രാജ്യത്തെ പൗരനല്ല, ചലച്ചിത്രകാരനാണ്: എലിസ് ബക്കര്‍

ഒരുകാലത്ത് സ്വത്വം നഷ്ടപ്പെട്ടിരുന്ന രാജ്യത്തെ പൗരന്‍ എന്നതിലുപരി ചലച്ചിത്രകാരന്‍ എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടുണീഷ്യന്‍ സംവിധായകന്‍ എലിസ് ബക്കര്‍ . 23 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം തന്റെ രാജ്യത്തിലെ ചിത്രങ്ങള്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപതിയായിരുന്ന ബെന്‍ അലിയുടെ പതനത്തിന് ശേഷം സാമൂഹികവും സര്‍ഗ്ഗാത്മകവുമായ സ്വാതന്ത്ര്യം അനുഭവിക്കുകയാണ് ഇന്നത്തെ ടുണീഷ്യന്‍ ജനത. തങ്ങളുടെ രാജ്യത്തെ പുഞ്ചിരിയുടെ നാടെന്നാണ് വിളിക്കുന്നത്. എന്നാല്‍ ആ പുഞ്ചിരിക്ക് പിന്നില്‍ ഒരുപാട് യാതനകള്‍ പേറുന്ന മനുഷ്യരുണ്ടെന്നു ബക്കര്‍ പറഞ്ഞു.
മുല്ലപ്പൂ വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് യഥാര്‍ത്ഥ അവസ്ഥ ചലച്ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവിടത്തെ സ്വേച്ഛാധിപത്യ ഭരണം അനുവദിച്ചിരുന്നില്ല. എപ്പോഴും സ്വന്തം സമൂഹത്തിന്റെ കണ്ണാടിയാകാനും അതിനെ പ്രതിനിധീകരിക്കാനും ഒരു ചലച്ചിത്രകാരന് കഴിയണം. പക്ഷേ അങ്ങനെയൊരു അവസരം ടുണീഷ്യന്‍ ജനതയ്ക്ക് അന്യമായിരുന്നു. അതുകൊ് തന്നെ തിരിച്ചറിയപ്പെടാതെ കഴിഞ്ഞ ഒരു കാലവും തനിക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു. തങ്ങള്‍ ഒരിക്കല്‍ അനുഭവിച്ച പ്രയാസങ്ങളെയും ഇപ്പോള്‍ ലഭിക്കുന്ന ആശ്വാസകരമായ ചുറ്റുപാടുകളെയും കുറിച്ച് അദ്ദേഹം വാചാലനായി.
മേളയിലെ അറബ് സ്പ്രിംഗ് വിഭാഗത്തില്‍ എലിസയുടെ 'റോഗ് പരോള്‍' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ടുണീഷ്യയുടെ മോചനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കച്ചവട സിനിമകളില്‍ നിന്ന് മാറി സ്വന്തം രാജ്യത്തിന്റെ വികാരങ്ങളേയും സൗന്ദര്യത്തേയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളിലാണ് തനിക്ക് താത്പര്യമെന്ന് സംവിധായകന്‍ പറഞ്ഞു.
അരവിന്ദന്റെ ഓര്‍മ്മ പുതുക്കി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രധാന ശിഷ്യനുമായിരുന്ന രാജീവ് വിജയരാഘവന്‍ സംസാരിച്ചു. ഹാസ്യാത്മകതയിലൂടെയും വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും ചലച്ചിത്ര കലയെ സമീപിച്ച ആളായിരുന്നു അരവിന്ദനെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ചന സീത, എസ്തപ്പാന്‍, തമ്പ്, കുമ്മാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.