28 November 2011

അറബ് വസന്തം വര്‍ണം വിതറും


അറബ് വസന്തം വര്‍ണം വിതറും


വര്‍ത്തമാന ലോകത്തെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ മുന്നേറ്റമായ അറബ് വസന്തത്തിന്റെ അലയൊലികള്‍ 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിദ്ധ്വനിക്കും. പതിറ്റാണ്ടുകളോളം ചാരം മൂടി കിടന്ന ജനകീയ രോഷത്തിന്റെ ബഹിസ്ഫുരണങ്ങള്‍ ഒപ്പിയെടുത്ത എട്ടു ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. നാവും ചിന്തകളും ചങ്ങലക്കിടപ്പെട്ട ഒരു ജനത എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യ പോരാളികളായി തെരുവിലേക്കിറങ്ങിയതെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും കടുത്ത ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറക്കിനെതിരെ ഈജിപ്ത ജനത മൗനംഭജ്ഞിച്ച് ഉയര്‍ത്തെഴുന്നേറ്റ കഥ പറയുന്ന തഹ്‌രീര്‍ 2011: നന്മ, തിന്മ, രാഷ്ട്രീയക്കാരന്‍ (Tahrir 2011: The Good, The Bad and The Politician)  എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കു മാത്രമല്ല, ജനധീപത്യ വിശ്വാസികള്‍ക്കും ആവേശം പകരും. എയ്തന്‍ അമീ (Aten Amin) , താമര്‍ ഇസ്സത്ത (Tamer Ezzat), ആമിര്‍ സലാമ (Amr Salama) എന്നീ മൂന്നു സംവിധാകര്‍ ചേര്‍ന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സിനിമയില്‍ നന്മ എന്ന തലക്കെട്ടില്‍ വിപ്ലവകാരികളെ വരച്ചു കാട്ടുന്ന ഭാഗം താമര്‍ ഇസ്സത്തും വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട നാലു സുരക്ഷാ മേധാവികളുടെ കഥ പറയുന്ന തിന്മ എന്ന ഭാഗം എയ്തന്‍ അമീനും മുബാറക്കിന്റെ മുപ്പതു വര്‍ഷത്തെ സ്വേഛാവാഴ്ച വിവരിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന ഭാഗം ആമിര്‍ സലാമയും സംവിധാനം ചെയ്തിരിക്കുന്നു. വ്യത്യസ്ത സംവിധായകരുടെ കൈയ്യടക്കവും തനിമയും നിലനിര്‍ത്തുന്നതോടൊപ്പം കൂട്ടായ്മയുടെ കരുത്തും പ്രകടിപ്പിക്കുന്നതാണ് ഈ ചിത്രം. ഈജിപ്ത ജനത മുബാറക്കിനെതിരെ ഒഴുകിയെത്തിയ തഹ്‌രീര്‍ ചത്വരത്തിലെ ദൃശ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ വിപ്ലവത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കും.
ആമിര്‍ സലാമയുടെ അസ്മ(Asma), എച്ച്.ഐ.വി ബാധിതയായി വനിതയുടെ ഒറ്റപ്പെടലും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അവര്‍ നടത്തുന്ന ധീരമായ ശ്രമങ്ങളും വരച്ചിടുന്ന ഈ സിനിമ ഹൃദയഹാരിയായ ശൈലിയിലാണ് ആമിര്‍ ഒരുക്കിയിരിക്കുന്നത്.
അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട തുനീഷ്യയിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രമാണ് റഫ് പരോള്‍(Rough Parole). ലോകശ്രദ്ധ നേടിയ ഡോക്യുമെന്ററികളിലൂടെ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ എലീസ് ബക്കറിന്റെ (Elyes Baccar) ഈ സിനിമ മേളയുടെ ശ്രദ്ധാകേന്ദ്രമാകും. ബെന്‍ അലി എന്ന ഏകാധിപതിക്കെതിരെ തുനീഷ്യ ജനത നടത്തിയ പ്രചനാതീതമായ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കാണ് ബക്കര്‍ കാമറ ചലിപ്പിക്കുന്നത്. തുനീഷ്യയുടെ മൂന്നു പതിറ്റാണ്ടിന്റെ  മൗനവും വിലാപങ്ങളും ഒടുവില്‍ അവരുടെ പൊട്ടിത്തെറിയും ചിത്രത്തില്‍ അനുഭവവേദ്യമാവും.
സിറിയന്‍ ചലച്ചിത്രകാരന്‍ മുഹമ്മദ് അബ്ദുല്‍ അസീസിന്റെ (Muhammed Abdulaziz) സ്‌നേഹപൂര്‍വ്വം ദമാസ്കസ്(Damascus With Love) എന്ന ചിത്രം മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കും. ദമാസ്കസിനോട് വിട പറഞ്ഞ് പിരിയാനൊരുങ്ങുന്ന ജൂത പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ അവളുടെ പൂര്‍വ്വപിതാക്കള്‍ അങ്ങേയറ്റം പ്രയിച്ച സിറിയയുടെ മുഖം സംവിധായകന്‍ അനാവരണം ചെയ്യുന്നു. തന്റെ തലമുറകള്‍ അധിവസിച്ച ദമാസ്കസ് എന്ന ചരിത്രനഗഗരത്തെ ഒടുവില്‍ അവള്‍ കണ്ടെത്തുന്നു. അറബ്-ഇസ്രായില്‍ പ്രശ്‌നത്തിനപ്പുറം ഇരു ജനതകള്‍ക്കുമിടയിലെ സ്‌നേഹത്തിന്റെയും സാഹോദരത്തിന്റെയും പൈതൃകങ്ങള്‍ കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ചിത്രം.
ലബനോന്‍ സംവിധായകനായ ബെഹ്ജി ഹൊജേജിയുടെ(Bahij Hojeij) മഴ പെയ്യുമ്പോള്‍(Here Comes The Rain) എന്ന ചിത്രവും 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു മനുഷ്യന്റെ കഥയിലൂടെ അറബ് ലോകത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ വ്യക്തികളുടെ ജീവിതത്തില്‍ അഗാധ മുറിവുകള്‍ ഏല്‍പ്പിക്കുന്നുവെന്ന് പറയുന്നു. പതിറ്റാണ്ടുകളോളം പീഡിപ്പിക്കപ്പട്ട മനുഷ്യന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമാകുമോ എന്ന ചോദ്യം ഏകാധിപത്യ ഭരണകൂടങ്ങളുടെ ക്രൂരകതളില്‍ പൊലിഞ്ഞു പോയ എത്രയോ മനുഷ്യജന്‍മങ്ങളുടെ നിസ്സഹായത പങ്കുവയ്ക്കുന്നു.
പ്രമുഖ മൊറോക്കന്‍ സംവിധായകന്‍ മുഹമ്മദ് അസ്‌ലിയുടെ(Mohamed Asli) റഫ് ഹാന്‍ഡ്‌സ് (Rough Hands)  സ്‌പെയിനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് മാര്‍ഗ്ഗമൊരുക്കുന്ന ബാര്‍ബറുടെ കഥ പറയുന്നു . അറബ് ലോകത്തിന്റെ സങ്കീര്‍ണമായ ഒട്ടേറെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ചിത്രംമൊറോ ക്കോയില്‍ നിന്നു തന്നെയുള്ള ഹിഷാം ലാസ്‌രിയുടെ(Hicham Lasri) 'ദി എന്‍ഡ്'(The End) എന്ന ചിത്രവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടു്. ഒരു പ്രണയ കഥയിലൂടെ രാഷ്ട്രീയ സമൂഹിക മാറ്റത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം.
സംഗീത ആല്‍ബങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ലബനീസ് നടിയും സംവിധായികയുമായ നദീന്‍ ലബാക്കിയുടെ(Nadine Labaki) 'ഇനി നാം എവിടെ പോകും?' (Where Do We Go Now?) എന്ന ചിത്രം യുദ്ധങ്ങള്‍ കൊണ്ട് ദുരിതമയമായ ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജീവിക്കുന്ന ഗ്രാമത്തില്‍ യുദ്ധകാലത്ത് പാകിയ കുഴിബോംബുകള്‍ മൂലം ജനങള്‍ക്ക് ഏത് നിമിഷവും ജീവന്‍ നഷ്ടമാവുന്ന അവസ്ഥയാണ്. അതിനിടെ നിസാര കാരണങ്ങളാല്‍ ഉണ്ടാകുന്ന വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ കൂടിയാവുമ്പോള്‍ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്നു.
ഇരുളടഞ്ഞതും ക്രൂരവുമായ യാഥാര്‍ഥ്യങ്ങളിലേക്ക് പ്രക്ഷേകരെ നയിക്കുന്ന ഈ ചിത്രങ്ങള്‍ അറബ് സിനിമ എന്ന പ്രത്യേക പാക്കേജിലാണ് മേളയില്‍ എത്തിയിരിക്കുന്നത്.