24 November 2011

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 9ന് തുടക്കം


62 രാജ്യങ്ങള്‍; ഇരുനൂറോളം ചിത്രങ്ങള്‍

വ്യത്യസ്ത ജീവിത രീതികളും ആചാരങ്ങളും സംസ്കാരങ്ങളും ആവിഷ്കാര രീതികളും സംഗമിക്കുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. 62 രാജ്യങ്ങളില്‍ നിന്ന് 15 വിഭാഗങ്ങളിലായി ഇരുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മേളയുടെ പ്രത്യേക ആകര്‍ഷണമായ മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 15 ചിത്രങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു, ഷെറിയുടെ ആദിമധ്യാന്തം എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് മത്സരിക്കുവാനുണ്ട്.
കയ്ദാന്‍ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ അമാനുഷിക കഥ എന്നര്‍ത്ഥം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജപ്പാനില്‍ പ്രചരിച്ചിരുന്ന പ്രേതകഥകള്‍ സമന്വയിച്ചിറങ്ങിയ പുസ്തകങ്ങളാണ് കയ്ദാന്‍ സിനിമകള്‍ക്ക് ആധാരം. നാല് ചിത്രങ്ങള്‍ കയ്ദാന്‍ 
ഹൊറര്‍ സിനിമ വിഭാഗത്തിലുണ്ട്.ഈ ചിത്രങ്ങള്‍ നവ്യമായ ഒരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.
കാല്‍പ്പന്തുകളിയുടെ ചടുല വേഗങ്ങള്‍ തിരശ്ശീലയുടെ വര്‍ണ്ണക്കാഴ്ചയില്‍ കോര്‍ത്തിടുന്ന ഫുട്‌ബോള്‍ ചിത്രങ്ങള്‍ സവിശേഷാനുഭവം തന്നെയാകും. 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' എന്ന വിഭാഗത്തില്‍ എഴ് ഫുട്‌ബോള്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാസി അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഹംഗേറിയന്‍ സംവിധായകനായ സൊല്‍ത്താന്‍ ഫാബ്രി ഒരുക്കിയ ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍, സിനിമാ പ്രേമികള്‍ക്ക് പരിചിതമാണെങ്കിലും പുതുതലമുറ പ്രേക്ഷകര്‍ക്ക് ഈ ചിത്രം സവിശേഷമായ കാഴ്ചാനുഭവമാകും.
മര്‍ദ്ദക, ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ വിപ്ലവം നയിച്ച് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അറബ് രാജ്യങ്ങളായ ടുണീഷ്യ, ഈജിപ്ത്, മൊറോക്കോ, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് അറബ് സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം സാധാരണ ജീവിതങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള സവിശേഷമായ സാമൂഹികാവസ്ഥകള്‍ ആവിഷ്ക്കരിക്കുന്ന ഈ ചിത്രങ്ങള്‍ മേളയ്ക്ക് കൂടുതല്‍ സമകാലീനത നല്‍കുന്നു. എട്ട് ചിത്രങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കുന്നു.
റോബര്‍ട്ട് ബ്രസോണ്‍, നാഗിസ ഒഷിമ, തിയോ ആഞ്ചലോ പൗലോ, അഡോള്‍ഫാന്‍ മെക്കാസ്, യാസു മസുമുറ, ജിബ്രില്‍ ഡിയോപ് മാമ്പട്ടി, മധു എന്നിവരുടെ ചിത്രങ്ങളാണ് റിട്രോസ്‌പെക്ടീവ് വിഭാഗത്തിലുള്ളത്. സെല്ലുലോയ്ഡില്‍ ആത്മീയ സഞ്ചാരം നടത്തിയ ബ്രസോണ്‍ ഫ്രഞ്ച് സിനിമയിലെ അതികായന്മാരില്‍ ഒരാളാണ്. കഴുതയെ കേന്ദ്രകഥാപാത്രമാക്കിയ 'അല്‍ ഹസാര്‍ ബല്‍ത്തസാര്‍' വളരെ പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ്. ബ്രസോണിന്റെ ആറ് ചിത്രങ്ങള്‍ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് കാഴ്ചയുടെ ചരിത്രത്തിലേക്ക് പുതിയ വാതിലുകള്‍ തുറന്നു നല്‍കും.
കുറസോവയുടെ സമകാലീകനായ നാഗിസ ഒഷിമയുടെ അഞ്ച് ചിത്രങ്ങള്‍ പ്രേക്ഷകനില്‍ വന്യമായ അനുഭൂതിയുടെ ഓളങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായവയാണ്.
ജിവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ പ്രമുഖനാണ് ഗ്രീസിലെ തിയോ ആഞ്ചലോ പൗലോസ്. അദ്ദേഹത്തിന്റെ നാല് ചിത്രങ്ങള്‍ മേളയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.
അന്റോണിയോണി, ഫെല്ലിനി, വിസ്‌കോന്‍ഡി എന്നിവരുടെ കീഴില്‍ സിനിമ പഠിക്കുകയും കോണ്‍ ഇച്ചിക്കാവ, മിസോഗുച്ചി എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും ചെയ്ത ജപ്പാനിലെ ചലച്ചിത്രകാരനാണ് യാസു മസുമുറ. അദ്ദേഹത്തിന്റെ നാല് ചിത്രങ്ങള്‍ ഉണ്ട്.
സെനഗലിലെ ഏറ്റവും പ്രമുഖ ചലച്ചിത്രകാരനായ ജിബ്രില്‍ ജിയോപ് മാമ്പട്ടിയുടെ എട്ട് ചിത്രങ്ങള്‍ സിനിമാ ആസ്വാദകര്‍ക്ക് പുതിയൊരു അനുഭവം തന്നെയാകും.
മലയാളത്തിന്റെ പ്രിയനടന്‍ മധുവിന്റെ നാല് ചിത്രങ്ങളും റിട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
യുദ്ധാനന്തര ജര്‍മ്മനിയിലെ ആദ്യ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ഡെഫ (DEFA) ഫിലിംസിന്റെ എട്ട് ചിത്രങ്ങള്‍ ഉണ്ട് ഇപ്പോള്‍ ചരിത്രമായ ഈസ്റ്റ് ജര്‍മ്മനിയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പാക്കേജ് ചരിത്രത്തിലേക്ക് തുറക്കുന്ന ദൃശ്യജാലകമാകും.
ഇന്ത്യന്‍ സിനിമ, മലയാളം സിനിമാ വിഭാഗങ്ങളില്‍ ഏഴ് ചിത്രങ്ങള്‍ വീതമുണ്ട്.
ഫിപ്രസി അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ എട്ട് ചിത്രങ്ങള്‍ പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ അനുഭവലോകം തുറക്കുന്നു. ഹോമേജ് വിഭാഗത്തില്‍ റൗള്‍ റൂയീസ്, മണി കൗള്‍, താരിഖ് മസൂദ് എന്നിവരുടെ എട്ട് ചിത്രങ്ങളുണ്ട്.
സിനിമാ ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ ഫിലിപ്പീന്‍സില്‍ നിന്നുള്ള എഴ് ചിത്രങ്ങള്‍ മേളയെ കൂടുതല്‍ സമകാലീനമാക്കുന്നു. ആധുനിക ഫിലിപ്പൈന്‍ ജീവിതത്തിന്റെ പരിഛേദമാകും ഈ ചിത്രങ്ങളുണ്ട്.
പ്രമുഖ ടര്‍ക്കി സംവിധായകന്‍ സിമഹ് കപ്ലാന്‍ ഗ്ലുവിന്റെ നാല് ചിത്രങ്ങള്‍ കംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തിലുണ്ട്.
സംസ്കാരങ്ങളുടെ സംഗമമായ ലോക സിനിമാ വിഭാഗത്തില്‍ 79 ചിത്രങ്ങളു്ണ്ട് 
.
ഡിസംബര്‍ 9 മുതല്‍ 16 വരെ പതിനൊന്ന് വേദിയിലായി മേള നടക്കും.
കൈരളി, ശ്രീ, കലാഭവന്‍, ന്യൂ, ശ്രീകുമാര്‍, ശ്രീവിശാഖ്, അജന്ത, ശ്രീപത്മനാഭ, ധന്യ, രമ്യ, എന്നീ തിയേറ്ററുകളിലും പൊതുജനങ്ങള്‍ക്കായി നിശാഗന്ധിയിലും പ്രദര്‍ശനം നടക്കും.

ഡെലിഗേറ്റ് പാസ് റെജിസ്ട്രേഷന്‍ തീയതി നീട്ടി



പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്/മീഡിയ പാസ്സുകള്ലഭിക്കുന്നതിനു റെജിസ്ട്രേഷനുള്ള അവസാന തീയതി നവംബര് 27 വരെ നീട്ടി.ഡിസംബര് 5,6,7 തീയതികളില് റെജിസ്ട്രേഷന്  പുനരാരംഭിക്കും. ഈതീയതികളില് റെജിസ്ട്രേഷന് ഫീസ് അറുനൂറു രൂപയായിരിക്കും. വിദ്യാര്ധികള്ക്ക്സൗജന്യ നിരക്ക് ലഭിക്കുന്നതല്ല .