10 December 2011

ഓപ്പണ്‍ ഫോറം തുടങ്ങി


ഓപ്പണ്‍ ഫോറം തുടങ്ങി
പതിനാറാമത് രാജ്യാന്തര ചലചിത്രമേളയുടെ ഭാഗമായി ന്യൂ തിയറ്ററില്‍ മോഹന്‍ രാഘവന്‍ പവലിയനില്‍ ഓപ്പണ്‍ ഫോറത്തിന്റെ ഉദ്ഘാടനം നടന്‍ ഇന്നസെന്റ് നിര്‍വ്വഹിച്ചു. 'ആവിഷ്ക്കാര സ്വാതന്ത്ര്യവും സിനിമ'യും എന്ന വിഷയമാണ് ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
സംവിധായകന്മാരായ കമല്‍ , ബി ഹരികുമാര്‍ , ഡോ. ബിജു, ബി ഉണ്ണികൃഷ്ണന്‍ , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ , പന്തളം സുധാകരന്‍ , അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
ദിവസവും വൈകീട്ട് 5 മണിക്ക് ന്യൂ തിയേറ്ററില്‍ ഓപ്പണ്‍ ഫോറം നടക്കും. ചലച്ചിത്ര മേളകളുടെ അസ്തിത്വമാണ് ഞായറാഴ്ചത്തെ വിഷയം.

51 ലോകോത്തര ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും; മോഹന്‍ രാഘവന് പ്രണാമമായി ടി ഡി ദാസനും

                  ജനപ്രീതിയുടെ രണ്ട് നാളുകള്‍ പിന്നിടുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് (ഡിസംബര്‍ 11) 51 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാവിഭാഗത്തില്‍ 25 സിനിമകളും മത്സരവിഭാഗത്തില്‍പ്പെട്ട 5 ചിത്രങ്ങളും ആസ്വാദകരെ ആകര്‍ഷിക്കാന്‍ എത്തും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവനോടുള്ള ആദരസൂചകമായി ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബിയുടെ പ്രത്യേക പ്രദര്‍ശനം വൈകീട്ട് 6.15ന് നിശാഗന്ധിയില്‍ നടക്കും.
         മത്സരവിഭാഗത്തില്‍ മിവോയാന്‍ സാങിന്റെ ചൈനീസ് ചിത്രമായ ബ്ലാക്ക് ബ്ലഡ് സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നവരെ ഇല്ലായ്മ ചെയ്യുന്ന വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്. തുര്‍ക്കിഷ് സംവിധായകന്‍ മുസ്തഫ നൂറിയുടെ ബോഡി, ലൈലയുടെയും കാമുകന്‍ ചില്‍മാസിന്റെയും കഥ പറയുന്നു. നിക്ക് റൈഡിങ്ങിന്റെ 'ദ ഡ്രീംസ് ഓഫ് എലിബിഡി' ഒരേസമയം പ്രേക്ഷകരുടെ കണ്ണിലൂടെയും ചേരിനിവാസികളുടെയും കാഴ്ചയിലൂടെ വികസിക്കുന്ന കെനിയന്‍ ചിത്രമാണ്. സ്വപ്നങ്ങളാല്‍ നയിക്കപ്പെട്ട് യാത്രപോകുന്ന ജാസിറ്റോയുടെ കഥ പറയുന്ന മെക്‌സിക്കന്‍ ചിത്രമാണ് സെബാസ്റ്റ്യന്‍ ഹിരിയാറ്റിന്റെ എ സ്റ്റോണ്‍ ത്രോ എവേ. ഇന്ത്യന്‍ സിനിമ ഡല്‍ഹി എ ഡേയും മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.മലയാളിയായ പ്രശാന്ത് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍ .
       ലോക സിനിമ വിഭാഗത്തില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ, ദ മോന്‍ക്, നോര്‍വീജിയന്‍ വുഡ് എന്നിങ്ങനെ 25 മികച്ച സിനിമകള്‍ വിവിധ തിയേറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, റോബര്‍ട്ട് ബ്രസന്റെ ലേഡീസ് ഓഫ് ദ ബോയ്‌സ് ദി ബൊലോഗന്‍, എയ്ഞ്ചലോ പൗലോയുടെ ലാന്‍ഡ്‌സ്‌കേപ് ഇന്‍ ദ മിസ്റ്റ്, യോഷിമുറയുടെ എ വിമന്‍സ് ടെസ്റ്റാമെന്റ്, അഡോള്‍ഫ് മേക്കാസിന്റെ ദ ബ്രിഗ്, നഗിസ ഒഷിമയുടെ സിന്നര്‍ ഇന്‍ പാരഡൈസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഫുട്‌ബോള്‍ സിനിമ വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ 'ടു എസ്‌കോബാര്‍സി'ന്റെയും കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ സെമിഹ് കപ്ലാനോഗ്ലുവിന്റെ എയ്ഞ്ചല്‍സ് ഫാള്‍, എഗ്ഗ് എന്നീ ചിത്രങ്ങളുടെയും പ്രദര്‍ശനം നടക്കും.
ഹോമേജ് വിഭാഗത്തില്‍ റൗള്‍ റൂയീസിന്റെ ദാറ്റ് ഡേ, മര്‍ലിന്‍ മണ്‍റോയുടെ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്', എന്നീ സിനിമകളുടെ പ്രദര്‍ശനവും ഫിലിപ്പൈന്‍ ചിത്ര വിഭാഗത്തില്‍ ഇന്റിപെന്‍ഡന്‍സിയ, ഫിപ്രസി വിഭാഗത്തില്‍ ക്ലേ ബേര്‍ഡ്, ഓഫ് ഗോഡ്‌സ് ആന്റ് മെന്‍, ഡെഫ വിഭാഗത്തില്‍ ഗേള്‍സ് ഇന്‍ വിറ്റ് സ്റ്റോക്ക്, ജര്‍മ്മനി ടെര്‍മിനസ് ഈസ്റ്റ്, ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബിയര്‍, അറബ് വിഭാഗത്തില്‍ റോഗ് പരോള്‍ തുടങ്ങിയ ചിത്രങ്ങളും വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും. മലയാള വിഭാഗത്തില്‍ വി കെ പ്രകാശിന്റെ കര്‍മ്മയോഗി, ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മറാത്തി സംവിധായകന്‍ സംറൗദി പൊറെയുടെ ഐ വാണ്ടട്‌  ടു ബി എ മദര്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

നല്ല സിനിമകള്‍ക്ക് നല്ല തിയേറ്റര്‍ വേണം: മന്ത്രി കെ ബി ഗണേഷ് കുമാര്‍


               നല്ല സിനിമകള്‍ ലഭിക്കണമെങ്കില്‍ നല്ല തിയേറ്ററുകള്‍ വേണമെന്നും നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതുപോലെ തന്നെ ശ്രമകരമാണ് വിപണി കണ്ടെത്തുന്നതെന്നും ചലച്ചിത്ര വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയുടെ രാജ്യാന്തര വിപണിക്കായി സംഘടിപ്പിച്ച മാര്‍ക്കറ്റിംഗ് മലയാളം സിനിമ എന്ന പരിപാടി ഹോട്ടല്‍ ഹൊറൈസണില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവേ മലയാള സിനിമയ്ക്ക് ആഗോള പരിവേഷം കുറവാണ്. അര്‍ത്ഥവത്തായ സിനിമകള്‍ക്ക് മുഖ്യധാര സിനിമകളേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് അധ്യക്ഷത വഹിച്ച പ്രിയദര്‍ശന്‍ പറഞ്ഞു. നടനും മാര്‍ക്കറ്റിംഗ് മലയാളം സിനിമയുടെ കോ-ഓര്‍ഡിനേറ്ററുമായ രവീന്ദ്രന്‍ സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു. ഈ സംരംഭത്തിലൂടെ കേരള സംസ്കാരത്തെ ആഗോള തലത്തില്‍ പരിചയപ്പെടുത്താനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.
         ഡെഫ ഫൗഷേന്‍ ചെയര്‍മാന്‍ ഹെല്‍മര്‍ട്ട മോസ്ബത്ത്, മാക്‌സ്മുള്ളര്‍ ഭവന്‍ പ്രോഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റോബിന്‍ മാലിക്, കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി; ലോകസിനിമയില്‍ 'ദ മങ്ക്' ശ്രദ്ധേയമായി



                    പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് മത്സരവിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പതിനൊന്ന് വിഭാഗങ്ങളിലായി 51 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക് ബ്ലഡ്, ഡല്‍ഹി ഇന്‍ എ ഡേ, ലോകസിനിമ വിഭാഗത്തില്‍പ്പെട്ട 'ദ മങ്ക്' എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
രക്തദാനം ഉപജീവന മാര്‍ഗ്ഗമാക്കിയ ദമ്പതികളുടെ കഥ പറഞ്ഞ ചൈനീസ് ചിത്രമാണ് ബ്ലാക്ക് ബ്ലഡ്. ചൈനയിലെ സാമൂഹ്യ വ്യവസ്ഥയുടെ നേര്‍ക്കാഴ്ചകളിലേക്കാണ് സംവിധായകനായ മിയോ യാന്‍ സാങ് കാണികളെ കൂട്ടിക്കൊണ്ട് പോയത്. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ സിനിമ ഡല്‍ഹി ഇന്‍ എ ഡേ പ്രേക്ഷക പ്രശംസ നേടി. ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. മലയാളിയായ പ്രശാന്ത് നായരാണ് സംവിധായകന്‍ .
          ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ മങ്ക്' രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മാത്യു ജി ലൂയീസിന്റെ കുപ്രസിദ്ധമായ ഗോത്തിക് നോവലിനെ ആസ്പദമാക്കി ഡൊമനിക് മോള്‍ സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം ഒരു കത്തോലിക്ക സന്യാസിയുടെ ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

ഓപ്പണ്‍ ഫോറം (11.12.2011)


        'ഓപ്പണ്‍ഫോറ'ത്തില്‍ ഇന്ന് (ഡിസംബര്‍ 11) 'ചലച്ചിത്രമേളകളുടെ അസ്തിത്വം' എന്ന വിഷയം ചര്‍ച്ച ചെയ്യും. മാര്‍ട്ടിന്‍ അര്‍മാന്റ്, ഷാജി എന്‍ കരുണ്‍, ജൂണ്‍ ഗിവാനി, മധുപാല്‍, 
യു.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.


മീറ്റ് ദ പ്രസ്

     ഞായറാഴ്ചയിലെ (ഡിസംബര്‍ 11) 'മീറ്റ് ദ പ്രസി'ല്‍ ഫിലിപ്പൈന്‍സ് സംവിധായകന്‍ ഔറിനോ സോളിറ്റോ, ജയരാജ്, പ്രശാന്ത് നായര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.

ഇന്‍ കോണ്‍വര്‍സേഷനില്‍ പീറ്റര്‍ കഹാന്‍ പങ്കെടുക്കും

     രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ന് (ഡിസംബര്‍ 11) നടക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ ജര്‍മ്മന്‍ സംവിധായകന്‍ പീറ്റര്‍ കഹാനെ, തമിഴ് ചലച്ചിത്ര നടന്‍ പ്രകാശ് രാജ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ തിയേറ്ററിലാണ് പരിപാടി.

OPEN FORUM (10.12.2011)























MARKETING MALAYALAM CINEMA



E M RADHA, HARIKUMAR , PRIYADARSHAN, SANJEEB KUMAR IPS, K B GANESH KUMAR, RAVEENDRAN


ROBIN MALIK, HELMUT MORSBACH, JULIANNE HAAS, SHAJI N KARUN














ലളിതമായ സിനിമാഖ്യാനം ലക്ഷ്യം: ബ്രൂസ്

      ഏറ്റവും ലളിതമായ രീതിയിലുള്ള സിനിമാഖ്യാനമാണ് ത ന്റെ ലക്ഷ്യമെന്ന് ജൂറി ചെയര്‍മാനും പ്രശസ്ത ഓസ്‌ട്രേലിയന്‍ ന്യുവേവ് സംവിധായകനുമായ ബ്രൂസ് ബെറസ് ഫോര്‍ഡ് പറഞ്ഞു. ചലച്ചിത്രമേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ തിരക്കഥയാണെങ്കില്‍ ദൃശ്യാവിഷ്കാരം നടത്തേണ്ട ചുമതല മാത്രമേ സംവിധായകനുള്ളു. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ തിരക്കഥയ്ക്ക് വലിയ പങ്കു്. ആവര്‍ത്തന വിരസത സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി എഴുത്തുകാരനും കലാ നിരൂപകനുമായ പ്രൊഫ. പ്രബോധ് പാരിഖായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍ . സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , മാക്ട ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ഹരികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും വഴിയൊരുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' ശ്രീതിയേറ്ററില്‍ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

'Landscapes in Cinema' - Photo Exhibition


 









'In Conversation' - Bruce Beresford, Prabodh Parikh, Shaji. N. Karun & Harikumar