10 December 2011

യഥാര്‍ത്ഥലോകത്തെ പരിചയപ്പെടുത്തലാണ് കലാസംവിധാനം: ഓംപുരി



                          യഥാര്‍ത്ഥ ലോകത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നവരാണ് കലാസംവിധായകരെന്നും കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ ഇവര്‍ക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും  ചലച്ചിത്രതാരം ഓംപുരി പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ച 'ലാന്‍സ്‌കേപ്‌സ് ഇന്‍ സിനിമ (LANDSCAPES IN CINEMA)' എന്ന ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
         ഓംപുരി, കലാസംവിധായകന്‍ എസ് രാധാകൃഷ്ണന്‍ എന്നിവരെ അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സജിതാ മഠത്തില്‍ , സാബു ചെറിയാന്‍ , ഗാന്ധിമതി ബാലന്‍ ചടങ്ങില്‍ സന്നിഹിതരായി.
     മലയാള സിനിമയിലെ പഴയ-പുതിയ തലമുറയിലെ കലാസംവിധായകരുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ ചിത്രങ്ങളും സെറ്റുകളുടെ നിശ്ചല ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കലാസംവിധാനം എന്താണെന്ന് അടുത്തറിയാന്‍ അവസരം നല്‍കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ കലാസംവിധായകരായ പി എന്‍ മേനോന്‍ , സാബു സിറിള്‍, ജോസഫ് നെല്ലിക്കല്‍, മണി സുചിത്ര, ബോബന്‍, പ്രശാന്ത് മാധവ്, ഗിരീഷ് മേനോന്‍, മനുജഗദ്, സാബു പ്രാവ്ദ, സന്തോഷ് രാമന്‍, സുരേഷ് കൊല്ലം എന്നിവര്‍ പകര്‍ത്തിയ ലൊക്കേഷന്‍ ദൃശ്യങ്ങളും പ്രദര്‍ശനത്തിലു്ണ്ട്. ഡിസംബര്‍ 16 വരെയാണ് പ്രദര്‍ശനം.