10 December 2011

നല്ല സിനിമകള്‍ക്ക് നല്ല തിയേറ്റര്‍ വേണം: മന്ത്രി കെ ബി ഗണേഷ് കുമാര്‍


               നല്ല സിനിമകള്‍ ലഭിക്കണമെങ്കില്‍ നല്ല തിയേറ്ററുകള്‍ വേണമെന്നും നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതുപോലെ തന്നെ ശ്രമകരമാണ് വിപണി കണ്ടെത്തുന്നതെന്നും ചലച്ചിത്ര വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയുടെ രാജ്യാന്തര വിപണിക്കായി സംഘടിപ്പിച്ച മാര്‍ക്കറ്റിംഗ് മലയാളം സിനിമ എന്ന പരിപാടി ഹോട്ടല്‍ ഹൊറൈസണില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവേ മലയാള സിനിമയ്ക്ക് ആഗോള പരിവേഷം കുറവാണ്. അര്‍ത്ഥവത്തായ സിനിമകള്‍ക്ക് മുഖ്യധാര സിനിമകളേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് അധ്യക്ഷത വഹിച്ച പ്രിയദര്‍ശന്‍ പറഞ്ഞു. നടനും മാര്‍ക്കറ്റിംഗ് മലയാളം സിനിമയുടെ കോ-ഓര്‍ഡിനേറ്ററുമായ രവീന്ദ്രന്‍ സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു. ഈ സംരംഭത്തിലൂടെ കേരള സംസ്കാരത്തെ ആഗോള തലത്തില്‍ പരിചയപ്പെടുത്താനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.
         ഡെഫ ഫൗഷേന്‍ ചെയര്‍മാന്‍ ഹെല്‍മര്‍ട്ട മോസ്ബത്ത്, മാക്‌സ്മുള്ളര്‍ ഭവന്‍ പ്രോഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റോബിന്‍ മാലിക്, കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.