30 November 2011

കാല്‍പന്തുകളിയുടെ കാഴ്ചകള്‍

          കാല്‍പന്തുകളിയുടെ വശ്യതയും ആവേശവും ആരവങ്ങളും ഉയര്‍ന്ന മൈതാനങ്ങളില്‍ നിന്നും സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയ ഫ്രെയിമുകളാണ് കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തിലെ ചിത്രങ്ങള്‍ . സോക്കറിന്റെ എല്ലാ നാടകീയതയും നിലനിര്‍ത്തുന്ന ഏഴ് ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊളമ്പിയന്‍ മാഫിയ വെടിവെച്ചുകൊന്ന ഫുട്‌ബോള്‍ താരം ആന്ദ്രേ എസ്‌കോബാറിനെ ഫുട്‌ബോള്‍ പ്രേമികള്‍ ആരും മറക്കില്ല. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളിലൂടെ കൊളമ്പിയയുടെ സെമിയിലേക്കുള്ള യാത്രയ്ക്ക് തടസ്സമായ ഈ കളിക്കാരനെ മാഫിയ വെടിവെച്ചുകൊല്ലുകയായിരുന്നു.ഈ കഥയാണ് ജെഫ് സിംബലിസ്റ്റും മൈക്കേല്‍ സിംബലിസ്റ്റും(JEFF ZIMBALIST/MICHAEL ZIMBALIST) ടു എസ്‌കോബാര്‍സ് (TWO ESCOBARS) ഡ്രഗ് മാഫിയ പാബ്‌ളോ എസ്‌കോബാറിന്റെ കൂടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
               ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സില്‍ ഇന്നും നൊമ്പരമായി നില്‍ക്കുന്ന 'ടു ഹാഫ് ടൈം ഇന്‍ ഹെല്‍ (TWO HALF TIMES IN HELL)' ഈ മേളയെ അവിസ്മരണീയമാക്കും. സോള്‍ട്ടണ്‍ ഫാബ്രി(ZOLTAN FABRI) സംവിധാനം ചെയ്ത ഈ ഹംഗേറിയന്‍ ചിത്രം രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി പട്ടാളവും ഹംഗേറിയന്‍ യുദ്ധ തടവുകാരും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ദൃശ്യാവിഷ്കാരമാണ്.
  1966 ല്‍ ശക്തരായ ഇറ്റലിയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന നോര്‍ത്ത് കൊറിയന്‍ ഫുട്ബാള്‍ ടീമിനെ കഥയാണ് ഗെയിംസ് ഓഫ് ഒളിവ്സ് (Games of olives )പറയുന്നത്. ഡാനിയേല്‍ ഗോര്‍ഡന്‍ ആണ് ഈ ഡോകുമെന്ററി സിനിമ സംവിധാനം ചെയ്യുന്നത്. പ്രസിദ്ധ ഇന്തോനേഷ്യന്‍ സംവിധായകനായ ഇഫ ഇസ്ഫന്‍സ്യ(IFA ISFANSYAH)യുടെ ചിത്രമായ ഗരുഡ ഡി ഡഡാക്കു(GARUDA DI DADAKU) ഫുട്‌ബോളിന്റെ ചടുലതയേയും ഗോളിലേക്കുള്ള ലക്ഷ്യത്തേയും ജീവിതവുമായി ബന്ധിപ്പിക്കുന്നു. ഡോക്ടറായി സേവനമനുഷ്ടിക്കുകയും എന്നാല്‍ തന്റെ ബാല്യകാലത്ത് അഭിനിവേശമായിരുന്ന ഫുട്‌ബോളിനെ താലോലിക്കുകയും ചെയ്യുന്ന ഡോക്ടറിന്റെ ജീവിതമാണ് 'ഡേവിഡ് മാര്‍ക്വീസ് (DAVID MRCQUES)'സംവിധാനം ചെയ്ത 'ഓഫ് സൈഡ്(OFF SIDE) എന്ന അര്‍ജന്റീനിയന്‍ ചിത്രം, 2010ലെ ലോകകപ്പിന്റെ ലഹരി ആഫ്രിക്കന്‍ വന്‍കരയിലെത്തിക്കാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനുമായി സുരീദ് ഹസന്‍ (SURIDH HASSAN) സംവിധാനം ചെയ്ത 'സോക്ക ആഫ്രിക്ക(SOKA AFRICA)' ആഫ്രിക്കന്‍ കളിക്കാരെ യൂറോപ്പ് തട്ടിക്കൊണ്ട് പോകുന്നതിന്റെ കൂടെ കഥയാണിത്. ഈ പാക്കേജ് ആവേശഭരിതമായ കാഴ്ചയായിരിക്കും.
ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവലായ കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫെസ്റ്റിവലിന്റെ പാക്കേജില്‍ നിന്നുള്ള ചിത്രങ്ങളാണിത്. 2009-ലാണ് കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്.


'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടനചിത്രം

           റെഡ് സോര്‍ഗം (RED SORGHUM)എന്ന വിഖ്യാത ചൈനീസ് ചിത്രത്തിന്റെ സംവിധായകനായ സാങ് യിമോയുവി (ZHANG YIMOU)ന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ (UNDER THE HAWTHORN TREE)യാണ് 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. യാഗ്‌സി നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളോടെ വിഷാദഭരിതമായ പ്രണയ കഥ പറയുന്ന ചിത്രമാണിത്.
എഴുപതുകളിലെ തുടര്‍വിദ്യാഭാസ പദ്ധതിയില്‍ ഷാംഗ് ജിംഗു(ZHANG JINGQIU) എന്ന പെണ്‍കുട്ടി ലാവോസാ(LAOSAN)നെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കിടുമ്പോഴും രാഷ്ട്രീയ തടവുകാരന്റെ മകള്‍ കൂടിയായ ഷാംഗിനു രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പങ്കിടാതിരിക്കാനാകുന്നില്ല. ചിത്രം ദുരന്തപര്യവസായിയാണെങ്കിലും ബന്ധങ്ങളില്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീക്ഷാനിര്‍ഭരമായ സന്ദേശമാണ് നല്‍കുന്നത്.
         ഡിസംബര്‍ 9 ന് വൈകുന്നരം നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. സാങ് യിമോവ് (ZHANG YIMOU)സംവിധാനം ചെയ്ത ചിത്രത്തിന് 114 മിനിറ്റ് ദൈര്‍ഘ്യമുണ്ട് . ചൈനയിലെ അഞ്ചാം തലമുറയില്‍പ്പെട്ട സംവിധായകരില്‍ പ്രമുഖനാണ് ഇദ്ദേഹം.