'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടനചിത്രം
റെഡ് സോര്‍ഗം (RED SORGHUM)എന്ന വിഖ്യാത ചൈനീസ് ചിത്രത്തിന്റെ സംവിധായകനായ സാങ് യിമോയുവി (ZHANG YIMOU)ന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ (UNDER THE HAWTHORN TREE)യാണ് 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. യാഗ്‌സി നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളോടെ വിഷാദഭരിതമായ പ്രണയ കഥ പറയുന്ന ചിത്രമാണിത്.
എഴുപതുകളിലെ തുടര്‍വിദ്യാഭാസ പദ്ധതിയില്‍ ഷാംഗ് ജിംഗു(ZHANG JINGQIU) എന്ന പെണ്‍കുട്ടി ലാവോസാ(LAOSAN)നെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കിടുമ്പോഴും രാഷ്ട്രീയ തടവുകാരന്റെ മകള്‍ കൂടിയായ ഷാംഗിനു രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പങ്കിടാതിരിക്കാനാകുന്നില്ല. ചിത്രം ദുരന്തപര്യവസായിയാണെങ്കിലും ബന്ധങ്ങളില്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീക്ഷാനിര്‍ഭരമായ സന്ദേശമാണ് നല്‍കുന്നത്.
ഡിസംബര്‍ 9 ന് വൈകുന്നരം നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. സാങ് യിമോവ് (ZHANG YIMOU)സംവിധാനം ചെയ്ത ചിത്രത്തിന് 114 മിനിറ്റ് ദൈര്‍ഘ്യമുണ്ട് . ചൈനയിലെ അഞ്ചാം തലമുറയില്‍പ്പെട്ട സംവിധായകരില്‍ പ്രമുഖനാണ് ഇദ്ദേഹം.