14 December 2011

ഫുട്‌ബോള്‍ എല്ലാ ജനങ്ങളുടെയും കളിയാണ്; ജാന്‍ ടില്‍മാന്‍


ഫുട്‌ബോള്‍ എല്ലാ ജനങ്ങളുടെയും കളിയാണ്; ജാന്‍ ടില്‍മാന്‍
ഫുട്‌ബോള്‍ കച്ചവടമെന്നതിനെക്കാളുപരി വിനോദമായി കണക്കാക്കണമെന്ന് പ്രശസ്ത ഫുട്‌ബോള്‍ ചരിത്രകാരനും ഗെയിംസ് കോ-ഓര്‍ഡിനേറ്ററുമായ ജാന്‍ ടില്‍മാന്‍ പറഞ്ഞു. എല്ലാ ജനവിഭാഗത്തെയും ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ തന്റെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയ 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ' ഈസ് ഫുട്‌ബോള്‍ ഒണ്‍ലി എ ഗെയിം?' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്‌ബോള്‍ ടീം ഉള്ള രാജ്യങ്ങളില്‍ നിന്നാണ് നല്ല ഫുട്‌ബോള്‍ സിനിമകള്‍ വരുന്നതെന്നും മറ്റ് ഗെയിമുകളുടെ പശ്ചാത്തലത്തിലും സിനിമകള്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും ജാന്‍ ടില്‍മാന്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും വിമന്‍സ് ഫുട്‌ബോളിനെക്കുറിച്ച് സിനിമ ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോളിന്റേത് ലോകോത്തര ഭാഷയാണെന്നും പ്രായഭേദമില്ലാതെ എല്ലാവരേയും ഒത്തൊരുമിപ്പിക്കുന്ന ഗെയിമാണെന്നും 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വില്‍' സംവിധായികയും തിരക്കഥാകൃത്തുമായ എലന്‍പൊറെ പറഞ്ഞു. 'വില്ലി'ലൂടെ ഫുട്‌ബോളിന്റെ സ്വീകാര്യതയെ പ്രതിഫലിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് ഫുട്‌ബോള്‍ വളരെ ജനകീയമായൊരു കളിയായിരിക്കുകയും ഇന്ത്യന്‍ ടീം ലോകമത്സരങ്ങളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മണിപ്പൂരാണ് ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്ന ഏക സംസ്ഥാനമെന്നും ഇന്ത്യന്‍ കലാകാരനും ഫുട്‌ബോള്‍ ചിത്രങ്ങള്‍ ചലച്ചിത്രമേളകളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന റിയാസ് കോമു അഭിപ്രായപ്പെട്ടു. കിക്കിംഗ് ആന്റ് സ്ക്രീനിംഗ് പാക്കേജ് ആദ്യമായി ഗോവയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴുായ അനുഭവവും ലഭിച്ച പ്രേക്ഷക സ്വീകാര്യതയും അദ്ദേഹം പങ്കുവെച്ചു.
കിക്കിംഗ് ആന്റ് സ്ക്രീനിംഗ് പ്രോഗ്രാമര്‍ നോഹ് ദൗവ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.