ഓപ്പണ്‍ ഫോറം - സിനിമ എന്റെ രാജ്യമാണ്: ഹമീദ് റാസ
'സിനിമ എന്റെ രാജ്യമാണ്, ഞാന്‍ അതിലാണ് ജീവിക്കുന്നത്' ഇറാനിയന്‍ സംവിധായകന്‍ ഹമീദ് റാസ ഇന്നത്തെ (ഡിസം.14) ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞു. അറബ് സിനിമ എന്ന വിഷയമായിരുന്നു ഇന്നത്തെ ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്തത്. കലാപരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായാല്‍ മാത്രമേ ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ സിനിമാ നിര്‍മ്മാണം സാധ്യമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഹോളിവുഡ് സിനിമകള്‍ ഞങ്ങളെ സ്വാധീനിക്കാറില്ല'. മേളയില്‍ പങ്കെടുക്കുന്ന അറബ് മേഖലയില്‍ നിന്നുള്ള മറ്റൊരു സംവിധായകന്‍ എലിസ ബക്കര്‍ (ടുണീഷ്യ) തുറന്നടിച്ചു. 'ഞങ്ങളുടെ സിനിമാ പാഠപുസ്തകങ്ങള്‍ ഇന്ത്യന്‍ സിനിമകളും ഇറാനിയന്‍ ചിത്രങ്ങളുമാണ്'.
യുറോപ്യന്‍ അഭിരുചികള്‍ക്ക് വഴങ്ങുന്നവയല്ല എന്റെ ചിത്രങ്ങള്‍ , എന്നാല്‍ ഏഷ്യന്‍ പശ്ചാത്തലമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ എന്റെ ചിത്രങ്ങള്‍ക്ക് ധാരാളം പ്രേക്ഷകരുണ്ടെന്നാണ് എന്റെ അനുഭവം, ഷാജി എന്‍ കരുണ്‍ പറഞ്ഞു.
ഓപ്പണ്‍ ഫോറത്തില്‍ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. വി ആര്‍ ഗോപിനാഥന്റെ തിരക്കഥ 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' അടൂര്‍ ഗോപാലകൃഷ്ണന്‍ ഷാജി എന്‍ കരുണിനും എന്‍ പി സുകുമാരന്‍ നായര്‍ക്കും നല്‍കി പ്രകാശനം ചെയ്തു. സുധീഷ് എഴുതിയ ' ആന്റണിക്വീന്‍ ' ഷാജി എന്‍ കരുണ്‍ ടി എ റസാക്കിന് നല്‍കി പ്രകാശനം ചെയ്തു. എന്‍ പി മനോജിന്റെ 'ലോകപ്രശസ്ത സംവിധായകര്‍' എന്ന പുസ്തകം ഷാജി എന്‍ കരുണ്‍ വി ആര്‍ ഗോപിനാഥിന് നല്‍കി പ്രകാശനം ചെയ്തു.