ഡോക്യുമെന്ററികള്‍ക്ക് പുതിയ വിപണന വഴികള്‍
കേരള ചലച്ചിത്ര അക്കാദമിയും ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'ട്രിഗര്‍ പിച്ചി'ന് ഹോട്ടല്‍ റസിഡന്‍സി ടവറില്‍ തുടക്കമായി. അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഈ പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാഫല്യമാണെന്ന് ജാവേദ് ജഫ്രി പറഞ്ഞു. അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത ഡോക്യുമെന്ററികളെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ട്രിഗര്‍ പിച്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പദ്ധതി യഥാര്‍ത്ഥ ജീവിതത്തെ ഫ്രെയിമുകളില്‍ ഒതുക്കുന്ന ഡോക്യുമെന്ററികള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രചാരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഐ ഡി എഫിന്റെ സ്ഥാപകനും ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ ജാവേദ് ജഫ്രിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ആറ് ഡോക്യുമെന്ററികളെ പതിനൊന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ഇന്ത്യയില്‍ നിന്നുള്ള നാല് ഡോക്യുമെന്ററികളും ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള ഓരോന്നുമാണ് ട്രിഗര്‍പിച്ചിന് തുടക്കം കുറിച്ചുകൊ് വേദിയിലെത്തിയത്. ജന്മനാ ക്രിമിനലുകളായി മുദ്രകുത്തപ്പെട്ട അഹമ്മദാബാദിലെ 'ചാര' വര്‍ഗ്ഗക്കാരെ കുറിച്ചുള്ള 'പ്ലീസ് ഡോ് ബീറ്റ് മീ സറി'ന്റെ സംവിധായിക ശാശ്വതി ചിത്രത്തെ സദസ്സിന് പരിചയപ്പെടുത്തി. സമൂഹത്തിന്റെ താഴെത്തട്ടില്‍ അവഗണനകള്‍ സഹിച്ചുകഴിയുന്നവരുടെ ഉന്നമനമാണ് തന്റെ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.
മലയാളിയായ കെ ആര്‍ മനോജിന്റെ 'എ പെസ്റ്ററിംഗ് ജേര്‍ണി' കീടനാശിനിയുണ്ടാക്കുന്ന ദുഷ്ഫലങ്ങളെ വരച്ചുകാട്ടുന്നു. കാസര്‍കോട്ടും പഞ്ചാബിലും സംഭവിച്ച ദുരന്തങ്ങളെ പരസ്പരം കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ ചിത്രം സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാനുള്ള ഒരു ആയുധമാക്കുകയാണ് സംവിധായകന്‍ .
ഒരു ബംഗാളി നാടോടി ഗാനത്തിന്റെ യഥാര്‍ത്ഥ സ്രഷ്ടാവിനെ അന്വേഷിക്കുന്ന സ്പന്ദന്‍ ബാനര്‍ജിയുടെ 'യു ഡോണ്ട് ബിലോംഗ്' തിരിച്ചറിയപ്പെടാതെ പോകുന്ന പ്രതിഭകള്‍ക്കുള്ള സമര്‍പ്പണമായിരുന്നു.
മാലിന്യക്കൂമ്പാരത്തിനാല്‍ വളയപ്പെട്ട ബീജിംഗ് നഗരത്തിന്റെ കഥ പറഞ്ഞ 'ബീജിംഗ് ബിസീജ്ഡ് ബൈ വേസ്റ്റ്' സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്ന ഒരു ചൈനീസ് ചിത്രമായിരുന്നു. മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നഗരങ്ങള്‍ക്കൊരു വഴികാട്ടിയാകും ഈ ചിത്രമെന്ന് സംവിധായകന് വേണ്ടി സംസാരിച്ച ലിയു ഷാങ് ചൂണ്ടിക്കാട്ടി.
തായ്‌വാന്‍ സംവിധായിക ജാസ്മിന്‍ ലീ ചിങ് ഹുയി ഒരുക്കിയ ' മണി ആന്റ് ഹണി' പ്രവാസി ജീവിതത്തിനൊടുവില്‍ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ളതായിരുന്നു.
മലയാളിയായ മെറിയം ചാണ്ടി ഒരുക്കിയ 'ദ റാറ്റ് റെയ്‌സ്' എന്ന ഡോക്യുമെന്ററി മുംബൈ നഗരത്തില്‍ എലിശല്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വിധിക്കപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ കുറിച്ചാണ്. മഹാനഗരത്തിന്റെ വികൃത മുഖം ഈ ഡോക്യുമെന്ററി തുറന്നുകാട്ടുന്നു.
മഹീന്ദ്ര റൈസ്, സി ജി എച്ച് എര്‍ത്ത്, എന്‍ ഡി ടി വി, ഔട്ട്‌ലുക്ക് ബിസിനസ്, എക്കണോമിക് ടൈംസ്, സല്‍മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ബീയിംഗ് ഹ്യുമന്‍ , ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദി ആര്‍ട്‌സ്, ടെര്‍മോ പെന്‍പോള്‍, പി വി ആര്‍ സിനിമാസ്, പാനോസ് സൗത്ത് ഏഷ്യ, ബിഗ് സിനിമാസ്, എന്നീ സ്ഥാപനങ്ങളാണ് ട്രിഗര്‍ പിച്ചില്‍ പങ്കെടുത്തത്. എല്ലാ ചിത്രങ്ങള്‍ക്കും പാനല്‍ അംഗങ്ങളില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവയുടെ പ്രചാരണത്തിന് തങ്ങളാലാവുന്ന പരിശ്രമങ്ങള്‍ നടത്തുമെന്ന് എല്ലാ പ്രതിനിധികളും പറഞ്ഞു.
മുംബൈയിലെ സോഫിയ പോളിടെക്‌നിക്കല്‍ സോഷ്യല്‍ കമ്മ്യുണിക്കേഷന്‍സ് മീഡിയ വിഭാഗം മേധാവിയായ ജെറു മുള്ള മോഡറേറ്ററായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, സെക്രട്ടറി കെ ജി സന്തോഷ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവരും സംസാരിച്ചു.