മീറ്റ് ദ പ്രസ് - രാജ്യാതിര്‍ത്തികള്‍ ജീവിതം ദുസ്സഹമാക്കുന്നു:ലീന മണിമേഖല
യുദ്ധങ്ങളുടെയും കലാപത്തിന്റെയും നിരന്തരമായ ദുരന്തങ്ങള്‍ക്കിടയിലും സ്വന്തം ജീവിതം മുന്നോട്ടുകൊണ്ട്പോകാനായി പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ അസാധാരണമായ ആത്മവിശ്വാസത്തിന്റെ കഥയാണ് തന്റെ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് ലീന മണിമേഖല അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മനുഷ്യജീവിതത്തില്‍ സൃഷ്ടിക്കുന്ന ധര്‍മ്മസങ്കടവും സംഘര്‍ഷങ്ങളും വിവരണാതീതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ' സെങ്കടല്‍ ' എന്ന തന്റെ ചിത്രം നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സെങ്കടലിന്റെ പ്രമേയം പുതുമയുള്ളതല്ലെങ്കിലും മീന്‍പിടുത്തക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണെന്ന് സെങ്കടലിന്റെ തിരക്കഥാകൃത്തായ ശോഭ ശക്തി പറഞ്ഞു.
നല്ല മലയാള സിനിമകള്‍ കണ്ട് വളര്‍ന്ന എന്നെപ്പോലെയുള്ളവര്‍ വളരെ നിരാശയോടെയാണ് ഇന്നത്തെ മലയാള സിനിമകള്‍ കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. തെറ്റായ മാതൃകകള്‍ പിന്തുടരുന്നതാണ് മലയാളത്തെ ഇന്നത്തെ മസാല സിനിമകളുടെ അവസ്ഥയിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആടുകളം' ത്തിന് വളരെ യുക്തിപൂര്‍വ്വമായ പര്യവസാനമാണ് നല്‍കിയതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.