13 December 2011

''വെള്ളിത്തിരയുടെ മാധവ പൗര്‍ണ്ണമി'' പ്രകാശനം ചെയ്തു


''വെള്ളിത്തിരയുടെ മാധവ പൗര്‍ണ്ണമി'' പ്രകാശനം ചെയ്തു
മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന്റെ ജീവിതത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി തയ്യാറാക്കിയ ''വെള്ളിത്തിരയുടെ മാധവ പൗര്‍ണ്ണമി'' പത്മശ്രീ ഭരത് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഫെസ്റ്റിവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ആദ്യപ്രതി ബോളിവുഡ് താരം ഷഹനാസ് ആനന്ദിന് മോഹന്‍ലാല്‍ കൈമാറി.
തനിക്ക് ഗുരുതുല്യനും ജ്യേഷ്ഠനുമായ മധുവിന് അര്‍ഹതപ്പെട്ട എല്ലാ അംഗീകാരങ്ങളും നേടാന്‍ കഴിയട്ടെയെന്ന് മധുവുമായി സിനിമ ചെയ്യാനുള്ള പ്രിയദര്‍ശന്റെ ആഗ്രഹം സഫലമാകട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു.
മധു അഭിനയിച്ച സാത്ത് ഹിന്ദുസ്ഥാനിയിലെ നായികയായ ഷഹനാസ് ആനന്ദ് മധുവുമായുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചു. മധുവുമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിനില്‍ മലൈല്‍ക്കട രചിച്ച 'വെള്ളിത്തിരയുടെ മാധവപൗര്‍ണ്ണമി' യുടെ ഇംഗ്ലീഷ് പരിഭാഷയായ ' A DARLING LOVER OF SILVER SCREEN' ശത്രുഘ്‌നനാണ് തയ്യാറാക്കിയത്. ചടങ്ങില്‍ ബീനാപോള്‍ , വിനില്‍ മലൈല്‍ക്കട, ശത്രുഘ്‌നന്‍ , നിര്‍മ്മാതാവ് രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.