സിനിമയുടെ വിജയം ശരിയായ കൂട്ടായ്മയിലാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിശാഗന്ധിയുടെ നിറഞ്ഞ സദസ്സില്‍ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൂട്ടായ്മകളാണ് വിജയം പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ, സ്‌പോര്‍ട്‌സ് , വനം വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ചടങ്ങിലെ മുഖ്യാതിഥി ജയാബച്ചന്‍ പറഞ്ഞു. കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുവാനെത്തിയപ്പോള്‍ ചലച്ചിത്രമേളയോടുള്ള മലയാളിയുടെ താത്പര്യം തിരിച്ചറിയാനായതായും അവര്‍ സൂചിപ്പിച്ചു.
സാംസ്കാരിക മന്ത്രി കെ സി ജോസഫ് പ്രശസ്ത നടന്‍ ഓംപുരിക്ക് ഹാന്റ് ബുക്ക് നല്‍കിക്കൊ് പ്രകാശനം നിര്‍വ്വഹിച്ചു. മേളയോടുള്ള മലയാളിയുടെ താത്പര്യം ബംഗാളികളുടേതിന് തുല്യമാണെന്ന് ഓംപുരി പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്ര ജനപങ്കാളിത്തം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ദേവസ്വം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. ശശി തരൂര്‍ എം പി ഏറ്റുവാങ്ങി.
ജൂറി ചെയര്‍പേഴ്‌സണ്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ബി ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ 'അര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.