'നിങ്ങള്‍ക്കൊന്നിലും വിശ്വാസ'മില്ലെന്ന് ഴാന്‍ പറഞ്ഞു. 'ഞാന്‍ വിശ്വസിക്കുന്നു; ദൈവത്തില്‍ , മൂന്ന് മിനിട്ടുകള്‍ക്ക് വേണ്ടി. മിഷേല്‍ മറുപടി പറഞ്ഞു. സിനിമയുടെ കാവല്‍ മാലാഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സംവിധായകനായ റോബര്‍ട്ട് ബ്രസണിന്റെ പിക്‌പോക്കറ്റ് എന്ന സിനിമയിലെ സംഭാഷണമാണിത്.
മനുഷ്യനാവാനുള്ള സാധ്യതയിലേക്കുള്ള പ്രയാണത്തിന്റെ കഥ പറയുന്ന സിനിമയാണ് ബ്രസോണിന്റെ പിക് പോക്കറ്റ്. ഒരു പോക്കറ്റടിക്കാരന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. കുമ്പസാരങ്ങള്‍ക്കൊടുവില്‍ പരിശുദ്ധിയിലേക്കുള്ള വഴി തേടുന്ന കഥാപാത്രത്തില്‍ സിനിമ അവസാനിക്കുന്നു. ഒരു പക്ഷേ ഇവിടെ നിന്നായിരിക്കണം പ്രേക്ഷക മനസ്സില്‍ സിനിമ ആരംഭിക്കുന്നത്.
നടീനടന്മാരെ മോഡല്‍സ് എന്ന് സംബോധന ചെയ്യുന്ന ബ്രസോണ്‍ സെല്‍ ഫോണ്‍ സംഭാഷണങ്ങളിലൂടെ അവരെ തെരഞ്ഞെടുക്കുന്നു. മിഷേല്‍ എന്ന പോക്കറ്റടിക്കാരനെ അവതരിപ്പിച്ച മാര്‍ട്ടിന്‍ ലസെല്ലെ എന്ന നടന്റെ അഭിനയം ആസ്വാദനത്തന്റെ പാരമ്യത്തിലേക്ക് പ്രേക്ഷകനെ നയിക്കുന്നു. ഒരു പക്ഷേ ബ്രസോണിന്റെ മോഡലുകള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന വിധം ഒരു മാന്ത്രികന്റെ കരവിരുതോടെ അത് പല ലക്ഷ്യങ്ങളിലേക്കും നയിക്കുന്നു. പിക് പോക്കറ്റിലെ കഥാപാത്രം ദസ്‌തോവിസ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലിലെ റസ്‌കോള്‍ നിക്കോഫിനെ ഓര്‍മ്മപ്പെടുത്തുന്നു. അത് യാദൃശ്ചികമല്ല, ദസ്‌തോയോവിസ്കിയുടെ കടുത്ത ആരാധകനായിരുന്നല്ലോ ബ്രസോണ്‍. അതേസമയം, കത്തോലിക്ക വിശ്വാസത്തിന്റെ സ്വാധീനം, ഒരു ജയില്‍പ്പുള്ളിയുടെ വൃഥകള്‍ തുടങ്ങി വളരെയധികം സാധ്യതകള്‍ സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നത് ബ്രസോണിന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നു തന്നെ. ഇരു ജീവിതങ്ങളില്‍ നിന്ന് ആത്മീയതയുടെ (മനുഷ്യത്വമോ?) പ്രകാശം അന്വേഷിക്കുന്ന കഥാപാത്രങ്ങള്‍ ബ്രസോണ്‍ സിനിമയുടെ മുഖമുദ്രയാണ്.
'എന്റെ ചലച്ചിത്രം ആദ്യം ജനിക്കുന്നത് എന്റെ തലച്ചോറിലും അതിന്റെ മരണം പേപ്പറിലുമാണെന്ന് വിളിച്ചുപറഞ്ഞ ബ്രസോണിന്റെ സിനിമ, ഇമേജും സൗണ്ടും അതിസൂക്ഷ്മമായി സമന്വയിപ്പിച്ച ചലച്ചിത്രകാവ്യങ്ങളാണ്. പിക്‌പോക്കറ്റ് അതിനൊരു ഉദാഹരണമാത്രം.
ജയിലില്‍ അടക്കപ്പെട്ട മിഷേല്‍ തന്നെ കാണാനെത്തിയ കാമുകിയായ ഴാനിനെ ജനാലയ്ക്കിടയിലൂടെ ചുംബിച്ച് ചോദിക്കുന്നു. ഏത് വഴിയിലൂടെയാണ് ഞാന്‍ നിന്നിലേക്കെത്തേണ്ടത്? ഈ ചോദ്യത്തിന് മുന്നില്‍ സിനിമ അവസാനിക്കുന്നു. നീ എന്നത് ഴാന്‍ മാത്രമോ, സ്‌നേഹമോ, നന്മയോ, എന്തോ ആയിക്കൊള്ളട്ടെ. ഈ ചോദ്യം ഉന്നയിക്കുന്ന മനുഷ്യമനസ്സ് നിലനില്‍ക്കുന്നിടത്തോളം കാലം ബ്രസോണ്‍ സിനിമകള്‍ പ്രസക്തമാണ്.