11 December 2011

അറബ് വസന്തവുമായി നാലാം ദിവസം


അറബ് വസന്തവുമായി നാലാം ദിവസം

അറബ് വസന്തത്തിന്റെ നേര്‍ക്കാഴ്ചകളുമായി എത്തുന്ന 'താഹിര്‍ 2011' ഉള്‍പ്പെടെ 51 ചലച്ചിത്രങ്ങള്‍ നാലാം ദിവസം പ്രദര്‍ശിപ്പിക്കും. ഇതില്‍ 24 ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനമാണ് നടക്കുക. ഈജിപ്തിലെ ഹോസ്‌നി മുബാറക്കിന്റെ വാഴ്ച അവസാനിപ്പിച്ച ജനകീയ പട്ടാള മുന്നേറ്റത്തിന്റെ നേരിട്ടുള്ള ചിത്രീകരണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച താഹിര്‍ 2011 പുതിയ ദൃശ്യാനുഭവമാകും.
റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മധുവിന്റെ 'ഓളവും തീരവും' ഇന്ന് പ്രദര്‍ശിപ്പിക്കും. വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ആടുകളം', ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ' ഐ വാണ്ട് ടു ബി എ മദര്‍ ' മലയാള ചിത്രങ്ങളായ ഗദ്ദാമ, ട്രാഫിക്ക് എന്നിവ മേളയിലെ ഇന്ത്യന്‍ സാന്നിധ്യം വിളിച്ചറിയിക്കും.
മത്സര വിഭാഗത്തില്‍ ജര്‍മ്മന്‍ ചിത്രമായ 'ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ ', മെക്‌സിക്കന്‍ ചിത്രം ' പെയിന്റിങ് ലെസ്സണ്‍സ് ', എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്.
ബെസ്റ്റ് ഓഫ് ഫിപ്രസ്സി ചിത്രങ്ങളായ ' ദ മില്‍ക്ക് ഓഫ് സോറോ ', ' ദ സെയില്‍സ് മാന്‍ ' എന്നിവയും, അറബ് വിഭാഗത്തില്‍ നിന്ന് 'ദി എന്‍ഡ്' എന്ന ചിത്രവും ഡെഫ വിഭാഗത്തില്‍ നിന്ന് 'ദ എസ്‌ക്കേപ്പും' നാലാം ദിവസത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടു്ണ്ട്.
കംണ്ടെപെററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ജൂറി അംഗം കൂടിയായ സെമിഹ് കപ്ലാനൊഗ്ലുവിന്റെ യൂസുഫ് ട്രിലോജിയില്‍ ഉള്‍പ്പെടുന്ന 'എഗ്ഗ്', 'ഹണി' എന്നീ ചിത്രങ്ങളും, ഫിലിപ്പൈന്‍ വിഭാഗത്തില്‍ നിന്നും രണ്ടു ചിത്രങ്ങളും, ഹോമേജ് വിഭാഗത്തില്‍ മണി കൗളിന്റെ 'ഉസ്കി റൊട്ടി'യും പ്രദര്‍ശിപ്പിക്കും.
ജാപ്പനീസ് ഐതിഹ്യങ്ങളിലെ പ്രേതകഥകളുടെ ചിത്രീകരണമായ കൈദാന്‍ ഹൊറര്‍ ക്ലാസിക്ക് ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും നാളെ നടക്കും.