അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്: പ്രകാശ് രാജ്
അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്. ചിത്രകാരന്റെ കരവിരുതിലാണ് ചിത്രത്തിന്റെ ഭംഗി. സിനിമയില്‍ സംവിധായകനാണ് ചിത്രകാരന്‍. അഭിനേതാവ് സംവിധായകനൊപ്പം അയാളുടെ അഭിരുചിക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രകാശ് രാജ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'ഇന്‍ കോണ്‍വര്‍സേഷനി'ല്‍ മധു ഇറവങ്കരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനേതാവ് വില്ലനായാലും നായകനായാലും കാഴ്ചക്കാരെ ആസ്വദിപ്പിക്കുക എന്നതായിരിക്കണം അയാളുടെ ലക്ഷ്യം. സ്വപ്നം കാണുന്നതുപോലെ ജീവിക്കാനുമുള്ള അവസരം സിനിമയ്ക്കുള്ളില്‍ ഒരഭിനേതാവിന് ലഭിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. തിയേറ്ററിലൂടെയും സാഹിത്യത്തിലൂടെയുമാണ് താന്‍ സിനിമാരംഗത്തെത്തിയത്. 80-90 കാലഘട്ടത്തില്‍ കര്‍ണ്ണാടകയില്‍ തിയേറ്റര്‍ സംരംഭങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് താന്‍ തിയേറ്ററിലേക്ക് സജീവമായത്. അതിലൂടെ കലയെ അടുത്തറിയാന്‍ സാധിച്ചു.
തിയേറ്ററിലേയും ചലച്ചിത്രമേഖലയിലേയും അനുഭവങ്ങള്‍ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രണ്ട് മേഖലയും കലയുടേതാണ്, ഓരോന്നിനും അതിന്റേതായ പ്രത്യേകതയും അനുഭവങ്ങളും ഉണ്ടെന്നും വേര്‍തിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് താന്‍ ഓരോ ചിത്രത്തിന്റെയും അഭിനയത്തിന് പോകുന്നത്. സംവിധായകന്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും മാറാന്‍ ശ്രമിക്കാറണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് മലയാളത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കാണ് ക്ഷണം വരുന്നതെന്നും അത് താന്‍ വേറെ ഭാഷകളില്‍ ധാരാളം ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി. കലാമൂല്യമുള്ള മലയാളം ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.