നല്ല ചിത്രങ്ങളുടെ നാലാം ദിനം
നാലാം ദിവസം പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഫിപ്രസി വിഭാഗത്തില്‍ നിന്നും പ്രദര്‍ശിപ്പിച്ച ലെ വെന്‍ഡ്യുറിന്റെ 'ദി സെയില്‍സ്മാന്‍' പ്രേക്ഷകരുടെ മനം കവര്‍ന്നു. അടച്ചുപൂട്ടുന്ന പേപ്പര്‍ മില്ലിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരുന്ന 67 കാരനായ കാര്‍വില്‍പ്പനക്കാരനിലൂടലെടുക്കുന്ന രാഷ്ട്രീ ബോധമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ കിറങ്ങുന്ന ഏവരേയും ഈ ചിത്രം സ്വയം വിമര്‍ശനത്തിന് വിധേയരാക്കും.
മറ്റൊരു ഫിപ്രസി ചിത്രമായ 'ദ മില്‍ക്ക് ഓഫ് സോറെ' മേളയുടെ നാലം ദിവസം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പെറുവില്‍ നിന്നുള്ള സംവിധായകന്‍ ക്ലാഡിയ ലൗസയുടെ ഈ ചിത്രം ഒരു വിഷാദകാവ്യം പോലെ ആസ്വാദ്യകരമായി.
റുമേനിയന്‍ ചിത്രമായ 'ബെസ്റ്റ് ഇന്റന്‍ഷനി'ലൂടെ സംവിധായകന്‍ അഡ്രിയാന്‍ സിതാരു വരച്ചിട്ടത് വര്‍ത്തമാനകാല യൗവ്വനങ്ങളുടെ വൈകാരിക പ്രതിസന്ധികളുടെ ഹൃദ്യമായ ചിത്രമായിരുന്നു. ലോകത്തെവിടെയും പുതിയ തലമുറ അമിത ഭീതിയും ഉത്കണ്ഠയും അശുഭ പ്രതീക്ഷകളും നിറഞ്ഞ മാനസികാവസ്ഥയിലാണെന്ന് ഈ ചിത്രം വിളിച്ചറിയിക്കുന്നു.
തടവറയില്‍ സിനിമ ചെയ്യാനെത്തിയ ബാര്‍ബറയും തടവുപുള്ളിയായ മിഷേലും തമ്മിലുള്ള പ്രണയത്തിന്റെ ചിത്രീകരണമായ ലെസ്‌മെയ്ന്‍ ലിബ്രസിന്റെ 'ഫ്രീഹാന്‍ഡ്‌സ്' കാണികളുടെ മനസ്സില്‍ പുതിയ ഭാവുകത്വം പകര്‍ന്നു.
ജര്‍മന്‍ ഇതിഹാസ കഥാപാതമായ ഫൗസ്റ്റിന്റെ സിനിമാഖ്യാനമായ റഷ്യന്‍ സിനിമ 'ഫൗസ്റ്റ്' പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. വിഭ്രമാത്മക കഥാ സന്ദര്‍ഭങ്ങളിലൂടെ സംവിധായകന്‍ സുഖറോവ് അനുവാചകനെ കൈപിടിച്ച് കൊണ്ട്പോകുന്ന ഫൗസ്റ്റ് നിരവധി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
റഷ്യന്‍ ചിത്രമായ 'എലീന' സൗന്ദര്യവും വൈകാരികതയും ഇഴചേരുന്ന മനുഷ്യമനസ്സിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ തേടുന്ന ചിത്രമാണ്. ആന്ദ്രെ സ്വഗന്‍റ്റ്‌സെയുടെ ഈ ചിത്രം കാണികള്‍ക്ക് നവ്യമായ ഒരു കാഴ്ചാനുഭവമായിരുന്നു.
ത്രീ എന്ന ജര്‍മ്മന്‍ ചിത്രം ഇന്നും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവരും ചലച്ചിത്ര വിദ്യാര്‍ത്ഥികളും റെട്രോസ്‌പെക്ടീവ് ചിത്രങ്ങള്‍ കാണുന്നതിനാണ് താത്പര്യം കാണിക്കുന്നത്. സിനിമാ ചരിത്രമറിയുന്നവര്‍ ബ്രസോണ്‍, ഒഷിമ ചിത്രങ്ങള്‍ക്ക് മുന്നില്‍ ധ്യാന നിമഗ്നരാകുന്നു.
പ്രദര്‍ശനത്തിനെത്തിയ ഭൂരിപക്ഷം ചിത്രങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. ആദ്യപ്രദര്‍ശനത്തോടെ സംസാര വിഷയമായ ചിത്രങ്ങളില്‍ പലതിന്റെയും പ്രദര്‍ശനശാലകളില്‍ സീറ്റുകള്‍ കിട്ടാതെ നിലത്തിരുന്ന് കാണാന്‍ ആസ്വാദര്‍ തയ്യാറായി.