15 December 2011


സത്യജിത് റേയുടെ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചിരുന്നു:സെമിഹ് കപ്ലനോഗ്ലൂ
ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ ചിത്രങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് ടര്‍ക്കിഷ് സംവിധായകന്‍ സെമിഹ് കപ്ലനോഗ്ലു. ചലച്ചിത്രമേളയുടെ 'ഇന്‍കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ 'കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ കപ്ലനോഗ്ലുവിന്റെ 4 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു്. റേയുടെ 'അപ്പു ട്രിലോജി'യാണ് ആകര്‍ഷണീയമായി തോന്നിയിട്ടുള്ളത് . അതിലെ ഓരോ ചിത്രവും ഇന്ത്യയുടെ നൂറ് വര്‍ഷത്തെ ചരിത്രം വരച്ചുകാട്ടിയിരുന്നു. ലോകത്തില്‍ നിന്നും അന്യം നിന്നുപോകുന്ന പുരാതനവും മൂല്യവത്തുമായ സംസ്കാരത്തെയും നാഗരികതയേയുമാണ് ഓസൂസും( ജപ്പാന്‍ ) റേയും തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ചതെന്ന് കപ്ലാനോഗ്ലു കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ യൂസഫ് ട്രിലോജി റേയുടെ സിനിമകള്‍ക്കുള്ള സ്മരണാഞ്ജലിയാണെന്നും ചിത്രത്തില്‍ റിവേഴ്‌സ് ട്രിലോജിയാണ് താന്‍ ഉപയോഗദിച്ചിരിക്കുന്നതെന്നും കപ്ലാനോഗ്ലു. പ്രായം ചെന്ന വ്യക്തിയില്‍ നിന്നും അയാളുടെ ചെറുപ്പത്തിലേക്കുള്ള യാത്രയാണ് മൂന്ന് ഭാഗങ്ങളിലായി കാണിക്കുന്നത്. പ്രപഞ്ചതാളം ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകന്‍ ജീവിതത്തിന്റെ നിലനില്‍പ്പും ഐക്യവും തങ്ങളുടെ ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കണം. സിനിമാ സംവിധാനമെന്നാല്‍ അത് പ്രാര്‍ത്ഥന പോലെയാകണം. എന്റെ ചിത്രങ്ങളാണ് എന്റെ പ്രാര്‍ത്ഥനയെന്നും കപ്ലാനോഗ്ലു അഭിപ്രായപ്പെട്ടു.
സംവിധായകനും അഭിനേതാവും എപ്രകാരം ബന്ധപ്പെട്ടിരിക്കണമെന്ന ചോദ്യത്തിന് അഭിനേതാവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താനും അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച് ആഴത്തിലുള്ള സൗഹൃദബന്ധം സ്ഥാപിക്കാനും സംവിധായകന്‍ എന്ന നിലയ്ക്ക് ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കുന്നു. ഹണി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു ബാലനാണ്. 450ഓളം കുട്ടികളില്‍ നിന്നാണ് അവനെ തെരഞ്ഞെടുത്തത്. അവന്‍ കുട്ടിയായത് കൊണ്ടും അവനിലെ അഭിനയത്തില്‍ കൃത്രിമത്വം കലരാതിരിക്കാനുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് അവന്റെ ഗ്രാമത്തില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് ചിത്രീകരിച്ചത്. അതുകൊ് തന്നെ സന്തോഷവാനായി അവന് അഭിനയത്തില്‍ മുഴുകാന്‍ സാധിച്ചു.
തിരക്കഥയ്ക്ക് അല്ല താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നതെന്നും മറിച്ച് വികാരങ്ങളിലും അനുഭവങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നതെന്നും കപ്ലാനോഗ്ലു. തിരക്കഥയില്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ നേരിട്ട് പോയി സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താറാണ് പതിവ്. ചിത്രീകരണവേളയില്‍ സാഹചര്യത്തിനനുസരിച്ച് തിരക്കഥയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിം ക്രിട്ടിക് നന്ദിനി രാംനാഥ് ചടങ്ങില്‍ സംബന്ധിച്ചു.