മീറ്റ് ദ പ്രസ് ചലച്ചിത്ര മേളകളാണെന്റെ കളരി: രാജേഷ് പിഞ്ചാനി
ചലച്ചിത്രമേളകളാണ് തന്നെ ഒരു സംവിധായകനാക്കിയതെന്ന് രാജേഷ് പിഞ്ചാനി പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്ന ബാബു ബാന്റ് പാര്‍ട്ടിയുടെ സംവിധായകനായ അദ്ദേഹം. ഇത് എന്റെ ആദ്യ ചിത്രമാണ് ഇതിനുവേണ്ടി സിനിമാവ്യാകരണങ്ങള്‍ ഒന്നും തന്നെ ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. മനസ്സില്‍ പതിഞ്ഞത് ക്യാമറയിലേക്ക് പകര്‍ത്തുകയാണ് ചെയ്തതെന്നും ഒരു സാധാരണക്കാരന്റെ വീക്ഷണ കോണിലൂടെയാണ് താന്‍ സിനിമയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടില്ല. സിനിമ പഠിച്ചിട്ടില്ല. മേളകളില്‍ സിനിമകള്‍ ക പരിചയം മാത്രമാണ് എനിക്കുള്ളത്. ആ ആത്മവിശ്വാസമാണ് എന്നെ സംവിധായകനാക്കിയത്. അദ്ദേഹം പറഞ്ഞു.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല തന്റെ സിനിമയില്‍ ചെയ്തിരിക്കുന്നതെന്ന് ശാലിനി ഉഷാ നായര്‍ പറഞ്ഞു. യക്ഷി എന്ന സങ്കല്‍പ്പത്തെ പുതിയ കാലത്തിന് അനുസരിച്ച് അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍. അടിസ്ഥാന കഥ മാത്രമാണ് യക്ഷിയില്‍ നിന്ന് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. 'അകം' എന്ന സിനിമ പുതിയ കാലത്തില്‍ സ്ത്രീകള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധികളുടെ കഥ കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാറ്റൂരിന്റെ 'യക്ഷി' എന്ന നോവലാണ് അകം എന്ന പേരില്‍ ശാലിനി ഉഷാ നായര്‍ സിനിമയാക്കിയത്.
ഒരു കെനിയന്‍ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് തന്റെ സിനിമ എന്ന് 'ഡ്രിംസ് ഓഫ് എലിബിദ്' എന്ന് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ നിക്ക് റെഡിംഗ് പറഞ്ഞു. ചേരികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് കെനിയയില്‍ ലഭിച്ചതെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിക്ക് റെഡിംഗ് പറഞ്ഞു.