15 December 2011

മേളയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ ...


മേളയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ ...
കലയ്ക്ക് വേണ്ടി ഒരു ഇടം നിര്‍ണ്ണയിക്കുമ്പോള്‍ അത് മാനുഷികതയുടെയും വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളലിന്റെയും സമരങ്ങളുടെയും ഇടമായി അടയാളപ്പെടുത്തുന്നു. കല, സാമൂഹിക ജീവിത ഗതികളെ സ്വാധീനിക്കുന്നില്ലെങ്കില്‍ അതിനുവേണ്ടി നാം നിര്‍ണ്ണയിച്ച ഇടം പൊള്ളയായിരുന്നുവെന്ന് പറയേണ്ടി വരില്ലേ.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നുയര്‍ന്ന ചിറകടിയൊച്ചകള്‍ക്ക് പിന്നില്‍ സിനിമയുടെ സ്വാധീനം മാറ്റിനിര്‍ത്തുവാനാവുകയില്ല. ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ'് പോലുള്ള ഒരു സിനിമയേയും മേളയില്‍ പ്രേക്ഷകരായെത്തിയ സ്ത്രീകള്‍, പുരുഷാധിപത്യത്തിന്റെ ചില പെരുമാറ്റ വൈചിത്ര്യങ്ങള്‍ക്കെതിരെ നടത്തിയ പ്രതിരോധങ്ങളെയും നമുക്ക് ചേര്‍ത്ത് വായിക്കാം.
ചാങ് ഡോങ്‌ലിയുടെ പൊയട്രി പോലുള്ള ഒരു സിനിമ കിറങ്ങിയവര്‍ മേളയിലെ സൗഹൃദസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്ന് ചൊല്ലിയ കവിതകള്‍ എങ്ങനെ വിസ്മരിക്കും. ഓപ്പണ്‍ ഫോറത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അറബ് സിനിമയെക്കുറിച്ചും ആഫ്രിക്കന്‍ സിനിമയുടെ പ്രതിസന്ധികളെക്കുറിച്ചും ചലച്ചിത്രമേളകളുടെ അസ്തിത്വങ്ങളെക്കുറിച്ചും നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍, അതില്‍ നിന്നുരുത്തിരിഞ്ഞുവന്ന പ്രസ്താവനകള്‍, അഭിപ്രായ പരിഷ്കരണങ്ങള്‍ തുടങ്ങിയവ നിസാരമായി തള്ളിക്കളയാനാവുന്നവയല്ല. 'ചലച്ചിത്രമേളകള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മാത്രമുള്ളവയല്ലെന്നും അത് ആസ്വാദകര്‍ക്കുള്ളതാണെന്നുമുള്ള മാര്‍ട്ടിന അര്‍മാന്‍ഡയുടെ പ്രസ്താവന, ഞാന്‍ എന്റെ രാജ്യത്തെ പൗരനല്ല;ചലച്ചിത്രകാരനാണെന്ന് ഏലിസ് ബക്കറുടെയും എന്റെ സിനിമ എന്റെ രാഷ്ട്രമാണെന്ന് പറഞ്ഞ ഹമീദ് റാസയുടെയും പ്രഖ്യാപനങ്ങള്‍ ഷെറിയുടെആദിമധ്യാന്തം മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാന പരിഷ്ക്കരണം എന്നിവ ഇതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രം.
സെങ്കടല്‍ സംവിധാനം ചെയ്ത ലീന മണിമേഖല, തമിഴ് ചലച്ചിത്ര സംവിധായകന്‍ വെട്രിമാരന്‍ എന്നിവരോട് പ്രേക്ഷകര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത് യാദൃശ്ചികമല്ല. കലയുടെ പ്രഭാവം സാമൂഹിക വ്യവഹാരങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ പരോക്ഷമായ മുഖമാണിത്. അതുകൊുതന്നെ ചിലപ്പോഴൊക്കെ കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയെ ആസ്വാദകര്‍ ചോദ്യം ചെയ്യാതിരിക്കില്ല.
മേളയില്‍ പൊലീസ് ഇടപെടരുതെന്ന മുദ്രാവാക്യങ്ങളും റിസര്‍വേഷന്‍ എടുത്തുമാറ്റണമെന്നും എന്‍ട്രി ഫീസ് കുറയ്ക്കണമെന്നും നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും പ്രേക്ഷകര്‍ ഉന്നയിക്കുകയും അതില്‍ പ്രസക്തമായവ നേടിയെടുക്കുകയും ചെയ്യുമ്പോള്‍ കലയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടം അനിവാര്യവും പ്രസക്തവുമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാനാകും.
കേരളത്തിലെ സിനിമാ സംഘടനകളുടെയും മുഖ്യധാര സിനിമാപ്രവര്‍ത്തകരുടെയും പങ്കാളിത്തം പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചു. ഈ കൂട്ടായ്മയുടെ ശക്തി ചലച്ചിത്രോത്സവത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രവചന സ്വഭാവത്തോടെ പറയുന്നവര്‍ ഏറെ. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ മടിയില്ലെന്നും വൈരുദ്ധ്യങ്ങളോട് സമവായത്തിന്റെ മേശയ്ക്കിരുപുറവും ഇരിപ്പിടം തേടാമെന്നുമുള്ള അക്കാദമിയുടെ നിലപാടുകള്‍ മേളയുടെ ജനാധിപത്യസ്വഭാവത്തിന് പുതിയ മാനങ്ങള്‍ നല്‍കുക തന്നെ ചെയ്യും.
പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഡെലിഗേറ്റ് ഫോറത്തിന്റെ രൂപീകരണശ്രമവും ഈ മേളയുടെ സവിശേഷതകളിലൊന്നാണ്.
മേളയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ പുതിയൊരു അനുഭവലോകം ഉള്ളിലേറ്റി മടങ്ങുന്ന ഓരോ കാഴ്ചക്കാരനും അടുത്ത മേളയ്ക്ക് വീണ്ടും കാണാമെന്ന പ്രതിജ്ഞ മനസ്സിലുരുവിട്ട് കൊണ്ടാണ് പടികളിറങ്ങുന്നത്.