6 December 2011

രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



         ജനകീയ പങ്കാളിത്തം കൊണ്ട് ലോക സിനിമാ ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പതിനാറാമത് എഡിഷന്‍ ഡിസംബര്‍ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഹിന്ദി സിനിമാതാരം ജയാബച്ചന്‍ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഫെസ്റ്റിവല്‍ കാറ്റലോഗ് പ്രകാശനം ചെയ്യും. ശശിതരൂര്‍ എം പി, ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്റെ ആദ്യ പതിപ്പ് ദേവസ്വം-ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വി എസ് ശിവകുമാറിന് നല്‍കി പ്രകാശനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, എം എല്‍ എ മാരായ കെ മുരളീധരന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ തയ്യാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ സാങ് യിമോവി (ZHANG YIMOU) സംവിധാനം ചെയ്ത 'അര്‍ ദി ഹോത്രോണ്‍ ട്രീ (UNDER THE HAWTHORN TREE)' എന്ന ചൈനീസ് ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തിന് 114 മിനിറ്റ് ദൈര്‍ഘ്യമുണ്ട് .