മൂന്നാം ലോക രാജ്യങ്ങളുടെ സങ്കടങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ആകുലതകളും പുതിയ കാലത്തിന്റെ സന്ദേശങ്ങളും ആവിഷ്കാരത്തിലെ പരീക്ഷണങ്ങളും ദൃശ്യ സാന്നിധ്യമായെത്തുന്ന മത്സരവിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങളുണ്ട് . നവാഗതരുടെ മൂന്ന് ചിത്രങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.
പ്രവചനങ്ങളും സ്വപ്നങ്ങളും സൃഷ്ടിക്കുന്ന ഭ്രമാത്മക ലോകത്തിലൂടെ സ്വപ്നാടനം നടത്തുന്ന ആട്ടിടയന്റെ കഥപറയുന്ന സ്പാനിഷ് ചിത്രമാണ് സെബാസ്റ്റ്യന്‍ ഹിരിയത്ത് സംവിധാനം ചെയ്ത 'എ സ്റ്റോണ്‍ ത്രോ എവേ'. കൊല്‍ക്കട്ട നഗരത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതയായ അതിഥി റോയ് സംവിധാനം ചെയ്ത അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ആള്‍, തന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ഭൂതകാലത്തില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്ന യുവാവിന്റെ കഥ പറയുന്നു. മകളുടെ പഠനാവശ്യങ്ങള്‍ക്കായി രക്തം ക്രയവിക്രയം ചെയ്യുകയും തുടര്‍ന്ന് എച്ച് ഐ വി ബാധിതരായി തീരുകയും ചെയ്യുന്ന ചൈനീസ് ദമ്പതിമാരുടെ ഉള്‍തുടിപ്പുകളുടെ ആവിഷ്കാരമായ 'ദ ബ്ലാക്ക് ബ്ലഡ്'. മിയാന്‍ ഷാംഗ് സംവിധാനം ചെയ്തിരിക്കുന്നു. തുര്‍ക്കിയില്‍ നിന്നുള്ള മത്സര ചിത്രമായ 'ബോഡി'ഒരു രതിനായികയുടെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ ചിത്രീകരിക്കുന്നു, മുസ്തഫ നൂറിയാണ് സംവിധായകന്‍ .
മലയാളിയായ നവാഗത സംവിധായകന്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് 'ഡല്‍ഹി ഇന്‍ എ ഡേ' സമകാലീന ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു വരേണ്യവര്‍ഗ്ഗ കുടുംബത്തിന്റെ അന്തരീക്ഷം വിഷയമാക്കുന്നു ഈ ചിത്രം. ഹമീദ് റാസ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ ഫെമിംഗോ നമ്പര്‍ 13 പ്രണയത്തിന്റെയും ഫ്‌ളെമിംഗോ വേട്ടയുടെയും കഥയാണ് പറയുന്നത്. പരമ്പരാഗത സംഗീതത്തെ അറിയാനും തന്റെ ഭൂതകാലവുമായി ഒരു കൂടിക്കാഴ്ച നടത്തുവാനും തുര്‍ക്കിയുടെ വിരിമാറിലൂടെ ഒരു സംഗീത വിദ്യാര്‍ത്ഥി നടത്തിയ യാത്രയാണ് ഓസ്കാര്‍ ആല്‍പര്‍ സംവിധാനം ചെയ്ത ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ എന്ന ചിത്രം.
ദാരിദ്ര്യവും രോഗങ്ങളും ദുരിതപൂര്‍ണ്ണമാക്കി തീര്‍ത്ത കെനിയന്‍ ചേരികളിലെ മനുഷ്യജീവിതങ്ങളുടെ ചിത്രമാണ് ഡോറ്റോ സാ എലിബിഡി. കാമൗ വാ ഡുംഗ്, നിക്ക് റെഡിംഗ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം എയ്ഡ്‌സ് രോഗികള്‍ നേരിടുന്ന വിവേചനം വെളിച്ചത്തു കൊണ്ടുവരുന്നു. അര്‍ജന്റീനയില്‍ നിന്നുള്ള മത്സരചിത്രമായ ദ ക്യാറ്റ് വാനിഷസ് മനോനില തെറ്റിയ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന സ്ത്രീയുടെ ആധിയും സംശയങ്ങളും ആവിഷ്ക്കരിക്കുന്നു. ബാല്യകാല ജീവിതത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളും സ്വപ്നങ്ങളും രണ്ട് കളികൂട്ടുകാരുടെ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളുമായി സംവേദിക്കുന്ന ചിത്രമാണ് 'ദ കളേഴ്‌സ് ഓഫ് ദ മൗണ്ടെയ്ന്‍'. കാര്‍ലോസ് സീസറാണ് സംവിധായകന്‍ . ചിലിയന്‍ സംവിധായകനായ പാബ്ലോ പെരല്‍മാന്റെ 'ദ പെയിന്റിംഗ് ലെസന്‍' നിരന്തര പ്രോത്സാഹനത്തിലൂടെ ചായക്കൂട്ടുകളുടെ ലോകത്ത് അജയ്യനായി തീര്‍ന്ന യുവാവിന്റെ കഥ പറയുന്നു.