8 December 2011


തിരശ്ശീലക്കാഴ്ച്ചകള്‍ക്ക് ഇന്ന് (9.12.11) തിരിതെളിയും 
ഭൂത-വര്‍ത്തമാനങ്ങള്‍ സമന്വയിക്കുന്ന മേള
പതിനാറാമത് തിരശ്ശീലക്കാഴ്ചകള്‍ക്ക് ഇന്ന് തിരിതെളിയും. ചലച്ചിത്ര പഠിതാക്കള്‍ക്കും സാധാരണ ആസ്വാദകര്‍ക്കും തെരഞ്ഞെടുപ്പിന് അവസരമൊരുക്കുന്ന ചിത്രങ്ങള്‍ മേളയിലു്ണ്ട്.
ഏറ്റവും സമകാലീനമായ സാമൂഹിക സംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ച അറബ് സിനിമകള്‍ വായിച്ചറിഞ്ഞ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കും.
നീണ്ട കാലത്തെ കോളനി വാഴ്ചയുടെ ചരിത്രമുള്ള ഫിലിപ്പൈന്‍ ജീവിതത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ മേളയില്‍ ആദ്യമായെത്തുമ്പോള്‍ നാമറിയുന്നത് പുതിയൊരു ജീവിത പരിസരത്തെയാണ്.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തുറന്നുപിടിച്ച കാഴ്ചകള്‍, സമകാലീന ഇന്ത്യന്‍ അവസ്ഥകള്‍ തിരശീലയെ അസ്വസ്ഥമാക്കുന്നു.
മലയാളം സിനിമാ കാഴ്ചകള്‍ മുന്നിലെത്തിക്കുന്നതും സമകാലികമായ ജീവിത പരിസരങ്ങളാണ്.
പുതിയ പരീക്ഷണവും ശൈലികളുമായി ലോക സിനിമയെത്തും. വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാകുന്ന ദൃശ്യങ്ങള്‍ണ്ട്.
ജര്‍മ്മനിയിലെ ഡെഫ ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള യാത്രയായിരിക്കും.
പ്രതിഭാ ശാലികളുടെ വ്യത്യസ്ത കാഴ്ചകളുമായാണ് ജപ്പാന്‍ പ്രേതകഥകള്‍
എത്തുന്നത്.
സര്‍ഗ്ഗാത്മകതയുടെ കയ്യൊപ്പുമായെത്തുന്ന റിട്രോസ്‌പെക്ടീവുകള്‍ പുതിയ തലമുറയ്ക്ക് പാഠപുസ്തകങ്ങളാകും.
പതിനാറാമത് മേള ഭൂത-വര്‍ത്തമാനങ്ങളുടെ സമന്വയമാവുകയാണ്. കാഴ്ചകളുടെ വസന്തമാസ്വദിക്കാന്‍ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 10,000ത്തിലധികം പ്രതിനിധികള്‍, വിദേശികള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രതിഭകള്‍ . ഒരാഴ്ചക്കാലം അനന്തപുരി കാഴ്ചകള്‍ ആസ്വദിക്കുന്നവരുടെ നഗരമാകും. തെരുവുകള്‍ തോറും സഞ്ചിയും തൂക്കി ചര്‍ച്ചകള്‍ ചെയ്തു നീങ്ങുന്ന പ്രതിനിധികള്‍ .
വിസ്മയങ്ങളുടെ കാണാക്കാഴ്ചകള്‍ തേടിയെത്തുന്ന പുതുതലമുറയുടെ മേളയാണിത്. അറിയുവാനും പഠിക്കുവാനുമുള്ള ആകാംക്ഷയോടെയെത്തുന്ന പുതുതലമുറയും അറിഞ്ഞ് ഇരുത്തം വന്ന മുതിര്‍ന്ന തലമുറയും തിരശ്ശീലയ്ക്ക് മുന്നില്‍ ധ്യാനനിരതമാകുന്ന എഴ് രാപകലുകള്‍ അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ നഗരിയാക്കും.