4 December 2011

മലയാളത്തില്‍ നിന്ന് ഏഴ് ചിത്രങ്ങള്‍



വര്‍ത്തമാനകാല മലയാളി ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകള്‍ പ്രതിനിധാനം ചെയ്യുന്ന ഏഴ് ചിത്രങ്ങള്‍ മലയാള സിനിമ ഇന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗദ്ദാമ, കര്‍മ്മയോഗി, പകര്‍ന്നാട്ടം, അകം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയന്റ്, ശങ്കരനും മോഹനനും, ട്രാഫിക് എന്നിവയാണ് പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍.
വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തിയ അശ്വതിയുടെ പ്രവാസ ജീവിതത്തിലെ യാതനകളും ചൂഷണവും കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ ആവിഷ്ക്കരിക്കുന്നു. ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകങ്ങളിലൊന്നായ ഹാംലറ്റിന്റെ ചലച്ചിത്രാവിഷ്കാരമാണ് വി കെ പ്രകാശിന്റെ കര്‍മ്മയോഗി. വിധിയോട് പോരാടുന്ന രുദ്രന്‍ ഗുരുക്കളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണിത്.
ജയരാജിന്റെ ചിത്രമാണ് പകര്‍ന്നാട്ടം. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന് വേണ്ടി  രക്തസാക്ഷിയാകാന്‍ പോലും മടിയില്ലാത്തവരെ സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യമാണ് പകര്‍ന്നാട്ടത്തിന്റെ പ്രമേയം.
ശാലിനി ഉഷാ നായരുടെ ആദ്യ ചിത്രമായ അകം മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി' എന്ന നോവലിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഭാര്യയുടെ വിചിത്ര സ്വഭാവത്തിന് പിന്നില്‍ യക്ഷിയുടെ സ്വാധീനമുണ്ടെന്നു സംശയിക്കുന്ന ഭര്‍ത്താവിന്റെ സംഘര്‍ഷമാണിതില്‍.
യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും സമന്വയിപ്പിച്ച് രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന സമ്പന്നന്റെ പ്രശസ്തിക്കുവേണ്ടിയുള്ള പരിഹാസ്യമായ പരിശ്രമങ്ങളുടെ കഥ പറയുന്നു.
ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനകൃഷ്ണന്റെ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ടി വി ചന്ദ്രന്റെ ശങ്കരനും മോഹനനും. വ്യക്തി ബന്ധങ്ങളില്‍ പ്രതിബദ്ധതയുള്ള ശങ്കരനും ഇതൊട്ടുമില്ലാത്ത മോഹനനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.
ചെന്നൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്. മസ്തിഷ്ക മരണം സംഭവിച്ച റിഹാന്റെ ഹൃദയം മറ്റൊരു പെണ്‍കുട്ടിയിലേക്ക് മാറ്റിവെയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.